ബാങ്കോക്ക്: മേഖലാ സമഗ്ര സാമ്പത്തിക സഹകരണ കരാറിൽ(ആർഇസിപി) ഇന്ത്യ ഒപ്പിട്ടേക്കില്ലെന്ന് റിപ്പോർട്ട്. ഈ കരാറുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്കകൾ പരിഗണികാത്തതിനാലാണ് രാജ്യം വേറിട്ട നിലപാടെടുത്തതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചരക്ക്, സേവന,നിക്ഷേപ മേഖലകളുമായി ബന്ധപ്പെട്ട് ഇന്ത്യ ഉയർത്തിയ ആശങ്കകൾ കരാർ ഉൾക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്രവാണിജ്യ മേഖല സൃഷ്ടിക്കാനുള്ള ആർഇസിപി കരാറിലെ ചില വ്യവസ്ഥകളിൽ ഇളവു വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ പ്രതീക്ഷിച്ച പരിഗണന വിഷയത്തിൽ ലഭിക്കാതായതോടെ പിന്മാറാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലെ സംഘം തയ്യാറെടുക്കുകയായിരുന്നു.
പത്ത് ആസിയാൻ രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളും ചേർന്ന് സ്വതന്ത്ര വ്യാപാരമേഖല സൃഷ്ടിക്കുകയാണ് ആർഇസിപി കരാറിന്റെ ലക്ഷ്യം.
അതേസമയം, ചൈന ഉൾപ്പെടെയുള്ള പതിനഞ്ചു രാജ്യങ്ങൾ കരാറുമായി മുന്നോട്ടുപോകുന്നതിനാൽ ഇന്ത്യയും കരാറിന്റെ ഭാഗമാകണമെന്നു ചൈനീസ് വാണിജ്യമന്ത്രി പ്രതികരിച്ചു. ഇന്ത്യ പിന്മാറിയതോടെ തായ്ലാൻഡിലെ ബാങ്കോക്കിൽ നടന്ന ചർച്ചകൾ പൂർണതയിലെത്തിയില്ല. ഇന്ത്യ ഒഴികെയുള്ള 15 രാജ്യങ്ങൾ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാക്കി. കരാറുമായി ബന്ധപ്പെട്ട് തായ്ലാൻഡ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുമായി നരേന്ദ്ര മോഡി ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു.
അടുത്തവർഷം ഫെബ്രുവരി വരെയാണ് ഇന്ത്യക്ക് സമയം നൽകിയിരിക്കുന്നത്. കരാറിന്റെ ഭാഗമാകുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉയർന്നിരുന്നത്.
Discussion about this post