ശ്രീനഗർ: ജമ്മു കാശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുകയും ആർട്ടിക്കിൾ 370 റദ്ദാക്കുകയും ചെയ്തതിന്റെ ഭാഗമായി തടവിലാക്കിയ കാശ്മീർ നേതാക്കളെ ഉടൻ മറ്റൊരിടത്തേക്ക് മാറ്റിയേക്കും. നാഷണൽ കോൺഫറൻസ്, പിഡിപി, പീപ്പിൾസ് കോൺഫറൻസ് തുടങ്ങിയ പാർട്ടികളിലെ 31 പ്രമുഖ നേതാക്കളെയാണ് തടവിലിട്ടിരിക്കുന്നത്. ദാൽ തടാകക്കരയിലുള്ള സെന്റോർ ഹോട്ടലിലാണ് ഇവരിപ്പോഴുള്ളത്. ഇന്ത്യൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് ഇത്.
അതേസമയം, ഈ നേതാക്കളെ എംഎൽഎ ഹോസ്റ്റലിലേക്കോ മറ്റ് ഹോട്ടലുകളിലേക്കോ മാറ്റാനാണ് കേന്ദ്രത്തിന്റെ പദ്ധതി. നേതാക്കളെ താമസിപ്പിച്ചതിന് 2.65 കോടിരൂപയുടെ ബില്ലാണ് ഹോട്ടൽ മാനേജ്മെന്റ് അധികൃതർ നൽകിയിരിക്കുന്നത്. ഇത്രയും വലിയ ബിൽ തുക വന്നതോടെയാണ് നേതാക്കളെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതെന്നാണ് വിവരം. കഴിഞ്ഞ മൂന്നുമാസത്തെ ബില്ലാണ് ഹോട്ടൽ മാനേജ്മെന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയിരിക്കുന്നത്.
എന്നാൽ, സർക്കാർ നിശ്ചയിച്ച തുക ഹോട്ടലിന് നൽകുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. നേരത്തെ ഒരാൾക്ക് 5000 രൂപ താമസ ചിലവിനായി അനുവദിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 800 രൂപവീതം മാത്രമാണ് അനുവദിച്ചത്. ഒരുമുറിയിൽ രണ്ടുപേരെവീതമാണ് താമസിപ്പിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ ഒരു കഷ്ണം കോഴിയിറച്ചി നൽകുന്നതൊഴിച്ചാൽ ഭക്ഷണത്തിന് സസ്യാഹാരം മാത്രമാണ് നൽകുന്നത്.
Discussion about this post