കൊല്‍ക്കത്ത: ഐഫോണ്‍ തട്ടിയെടുത്ത് ഓടിയ മോഷ്ടാവിനെ പിടികൂടാനായി ട്രെയിനില്‍ നിന്നും ചാടിയ യുവാവിന് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ ഉളുബേരിയ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മസാമ്പല്പൂര് എക്സ്പ്രസില്‍ നിന്നും ചാടിയ 27കാരനായ സൗരഭ് ഗോഷാണ് ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് മരിച്ചത്.
പുതുതായി വാങ്ങിയ ഐഫോണില്‍ സംസാരിച്ചിരിക്കുകയായിരുന്നു ജംഷഡ്പൂര്‍ സ്വദേശിയായ സൗരഭ്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ ട്രെയിനിലുണ്ടായിരുന്ന ഒരാള്‍ സൗരഭിന്റെ കൈയ്യില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ച് പ്ലാറ്റ്ഫോമിലേക്ക് ചാടി. ഇത് കണ്ട് സൗരഭ് ആദ്യം പകച്ചുപോയെങ്കിലും പിന്നീട് മോഷ്ടാവിനെ പിടികൂടാനായി ട്രെയിനില്‍ നിന്നും ചാടുകയായിരുന്നു.
എന്നാല്‍ സൗരഭ് പ്ലാറ്റ് ഫോമില്‍ കാലുകുത്തിയതും നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീഴുകയും കല്ലില്‍ തലയടിച്ച അബോധാവസ്ഥയിലാവുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്നും സൗരഭിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ് സൗരഭ്.
Discussion about this post