മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപി ശിവസേന തര്‍ക്കം തുടരുന്നതിനിടെ വീണ്ടും തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന മുന്നറിയിപ്പുമായി ബിജെപി. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ഒന്നും നടന്നില്ലെങ്കില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് ബിജെപി മന്ത്രി ജയ് കുമാര്‍ റാവലാണ് മുന്നറിയിപ്പ് നല്‍കിയത്.
മുഖ്യമന്ത്രി പദം വീതം വെയ്ക്കണമെന്ന നിലപാടില്‍ ശിവസേന ഉറച്ചുനിന്നതും ബിജെപി ഇത് എതിര്‍ക്കുകയും ചെയ്തതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായത്. ഈ വിഷയത്തില്‍ ബിജെപി-ശിവസേനയ്ക്കുള്ളില്‍ അഭിപ്രായഭിന്നത രൂക്ഷമായതോടെയാണ് പ്രതികരണമറിയിച്ച് ജയ് കുമാര്‍ റാവല്‍ രംഗത്തെത്തിയത്.
ശിവസേനയുടെ സഖ്യകക്ഷിയോടുള്ള പെരുമാറ്റം കാരണം ബിജെപി നേതാക്കളും പ്രവര്‍ത്തകരും രോഷാകുലരാണ്. അതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും ജയ് കുമാര്‍ റാവല്‍ പറഞ്ഞു. ഇനിയുമൊരു തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് നൂറുശതമാനം വിജയമുണ്ടാകുമെന്നത് ഉറപ്പാണെന്നും റാവല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അമിത്ഷായുടേയും ദേവേന്ദ്ര ഫഡ്നാവിസിന്റെയും പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. അത് കൊണ്ട് വിജയം ഉറപ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ശിവസേന ഇപ്പോള്‍ തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയെന്നും അതിനാല്‍ ബിജെപി പ്രവര്‍ത്തകര്‍ രോഷത്തിലാണെന്നും പറഞ്ഞ മന്ത്രി വേണ്ടി വന്നാല്‍ ഇനിയുമൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുക്കമാണെന്നും അറിയിച്ചു.
Discussion about this post