ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ രാജ്യതലസ്ഥാനത്ത് ഇന്ന് മുതല്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സൈക്കിളുമെടുത്ത് ഇറങ്ങിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഒറ്റ-ഇരട്ട അക്ക വാഹനങ്ങള്‍ക്കാണ് ഡല്‍ഹിയില്‍ നിയന്ത്രണമുള്ളത്. എന്നാല്‍ വിഐപികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ടെങ്കിലും ഔദ്യോഗിക വസതിയില്‍ നിന്ന് അദ്ദേഹം ഓഫീസിലേക്ക് പോയത് സൈക്കിളിലാണ്.
തന്റെ വാഹനത്തിന്റെ നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്നതുകൊണ്ടാണ് സൈക്കിളില്‍ ഓഫീസിലേക്ക് യാത്രതിരിച്ചതെന്നാണ് ഉപമുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തിനൊപ്പം സഹായികളുമുണ്ടായിരുന്നു. സൈക്കിളിലുള്ള യാത്ര ഒരു തരത്തില്‍ പറഞ്ഞാല്‍ വായുമലിനീകരണം കുറയാന്‍ സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇരട്ട അക്ക നമ്പരില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഇന്ന് നിരത്തുകളില്‍ ഇറങ്ങാന്‍ സാധിക്കുകയുള്ളൂ. സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അവശ്യ സര്‍വ്വീസുകള്‍ക്കും വിഐപികള്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. നിയന്ത്രണം ലംഘിച്ചാല്‍ നാലായിരം രൂപയാണ് പിഴ.
Discussion about this post