പൂനെ: കളഞ്ഞു കിട്ടിയ പഴ്‌സ് തിരികെ ഏല്‍പ്പിച്ച് മാതൃകയാവുന്നത് നിരവധി പേരാണ്. എന്നാല്‍ കണ്ണ് നിറയ്ക്കുന്ന നന്മ വളരെ അപൂര്‍വമായി മാത്രമാണ് ചിലരില്‍ കാണാറുള്ളത്. ഇപ്പോള്‍ അത്തരത്തിലൊരു നന്മയാണ് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. പൂനെയിലെ ധനജി ജഗ്ദാലെ എന്ന 54-കാരനാണ് ആ നന്മ മനസിന്റെ ഉടമ. ധനജിയുടെ പോക്കറ്റില്‍ വെറും മൂന്നുരൂപ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് വഴിയില്‍ നിന്നൊരു പഴ്‌സ് കളഞ്ഞു കിട്ടി.
അതില്‍ ഉണ്ടായിരുന്നതാകട്ടെ പതിനായിരങ്ങളും. എന്നാല്‍ അതൊന്നും ധനജിയുടെ കണ്ണിനെ മൂടിയില്ല. ഉടനെ തന്നെ അതിന്റെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. കൂലിപ്പണിക്കാരനാണ് ധനജി. ദീപാവലി ദിവസത്തിലാണ് പഴ്‌സ് ലഭിച്ചത്. അന്നേദിവസം ദഹിവാഡിയില്‍ ജോലിക്ക് പോയിരുന്ന ധനജി തിരികെ നാട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് സ്റ്റോപ്പില്‍ നിന്ന് നിലത്തുകിടക്കുന്ന നോട്ടുകെട്ടുകള്‍ കണ്ടത്.
ഉടന്‍തന്നെ അത് എടുത്ത ധനജി സമീപത്തുണ്ടായിരുന്നവരോടെല്ലാം ഇത് നിങ്ങളുടെ പണമാണോ എന്ന് ചോദിച്ചെങ്കിലും യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് കുറച്ചകലെയായി ഒരാള്‍ റോഡില്‍ എന്തോ തിരയുന്നത് ധനജിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കാര്യംതിരക്കിയ ധനജിക്ക് തന്റെ കൈയിലുള്ള പണം അയാളുടേതാണെന്ന് മനസിലാവുകയും മുഴുവന്‍ തുകയും തിരിച്ച് ഏല്‍പ്പിക്കുകയുമായിരുന്നു.
ഭാര്യയുടെ ശസ്ത്രക്രിയയ്ക്കായി കരുതിയിരുന്ന പണമാണ് ആ യാത്രക്കാരനില്‍നിന്ന് കളഞ്ഞുപോയിരുന്നത്. പണം തിരികെ കിട്ടിയ സന്തോഷത്തില്‍ ആയിരം രൂപ പാരിതോഷികമായി ധനജിക്ക് സമ്മാനിച്ചു. എന്നാല്‍ അദ്ദേഹം അത് സ്വീകരിച്ചില്ല. പകരം നാട്ടിലേക്കുള്ള ബസ് ചാര്‍ജിനാവശ്യമായ ഏഴ് രൂപ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതാണ് ഇന്ന് നന്മയുടെ പ്രതീകമായി ധനജിയെ വാഴ്ത്തുന്നത്.
സത്താറയിലെ പിങ്കളി ഗ്രാമത്തില്‍ താമസിക്കുന്ന ധനജിക്ക് പത്തുരൂപയാണ് ബസ് ചാര്‍ജായി ആവശ്യമുണ്ടായിരുന്നത്. സംഭവസമയം തന്റെ കൈവശം വെറും മൂന്നുരൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും അതിനാലാണ് ഏഴുരൂപ ആവശ്യപ്പെട്ടതെന്നും ധനജി പറഞ്ഞു. ധനജിയുടെ സത്യസന്ധതയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തു വന്നത്. പലരും അദ്ദേഹത്തിന് സഹായവുമായി രംഗത്തെത്തി. കൊറഗോണ്‍ സ്വദേശിയും അമേരിക്കയില്‍ താമസക്കാരനുമായ രാഹുല്‍ ബാര്‍ഗെ എന്നയാള്‍ അഞ്ചുലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തെങ്കിലും അതും ധനജി സ്നേഹപൂര്‍വം നിരസിച്ചു. ആരുടെയെങ്കിലും പണം എടുത്താല്‍ ഒരിക്കലും സംതൃപ്തിയോടെ ജീവിക്കാനാവില്ല എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം.