ദാമൻ: വീണ്ടും ബിജെപിക്ക് നാണക്കേടായി അശ്ലീല വീഡിയോ പുറത്ത്. കേന്ദ്രഭരണ പ്രദേശമായ ദാമൻ, ദിയുവിലെ ബിജെപി അധ്യക്ഷനും മുൻ ലോക്സഭാ എംപിയുമായ ഗോപാൽ ടൻഡേൽ ഒരുസ്ത്രീയുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. സംഭവം വിവാദമായതോടെ ഗോപാൽ പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്തു. ബിജെപി അധ്യക്ഷനായി ഗോപാലിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണു വിവാദം. തനിക്കെതിരെ പ്രാദേശിക ബിജെപി നേതാക്കൾ തന്നെയാണു വീഡിയോ പ്രചരിപ്പിച്ചതെന്ന് ഗോപാൽ ആരോപിച്ചു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് ഗോപാൽ രാജിക്കത്തു സമർപ്പിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി വസുഭായ് പട്ടേൽ അറിയിച്ചു. 36 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്. രണ്ടു വർഷം മുമ്പത്തേതാണ് വീഡിയോ എന്നും സൂചനയുണ്ട്.
വീഡിയോ വ്യാജമാണെന്നു കാണിച്ച് ഗോപാൽ ശനിയാഴ്ച തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ച പ്രാദേശിക നേതാക്കളുടെ പേരും പോലീസിനു നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈകാതെ തന്നെ വാർത്താസമ്മേളനം വിളിച്ച് ഇവരുടെ പേരുവിവരം വെളിപ്പെടുത്തും. വീഡിയോയിൽ തന്റെ മുഖം മോർഫ് ചെയ്തു ചേർത്തതാണെന്നും ഗോപാൽ വ്യക്തമാക്കി. അറുപത്തിയഞ്ചുകാരനായ ഗോപാൽ നാലു വർഷം മുൻപാണ് ബിജെപിയിൽ ചേർന്നത്. അതിനു മുൻപ് കോൺഗ്രസ്, എൻസിപി പാർട്ടികളിലും പ്രവർത്തിച്ചിട്ടുണ്ട്.
Discussion about this post