മുംബൈ: തെരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്ച ഒന്ന് കഴിഞ്ഞിട്ടും സർക്കാർ രൂപീകരണം നടത്താതെ ശിവസേന-ബിജെപി തർക്കം മുറുകുന്നു. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ബിജെപി നേതാവ് സുധിർ മുങ്കതിവാറിന്റെ ആവശ്യം മുഗളന്മാരുടെ ഭീഷണി സ്വരം പോലെയെന്ന് ആരോപിച്ച് ശിവസേന. നവംബർ ഏഴിനകം സംസ്ഥാനത്ത് സർക്കാർ രൂപീകൃതമായില്ലെങ്കിൽ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് എത്തുമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന.
സുധിർ മുങ്കതിവാറിന്റെ ഭീഷണി പ്രസ്താവന ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന് എതിരുമാണെന്ന് ശിവസേന പ്രതികരിച്ചു. മുഗളരെ പോലെയാണ് ബിജെപി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിമുഴക്കുന്നതെന്നും ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ വ്യക്തമാക്കി.
മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് ഞങ്ങൾ ഉത്തരവാദികളല്ല. നിയമവും ഭരണഘടനയും എന്താണെന്ന് ഞങ്ങൾക്കുമറിയാം. സർക്കാർ രൂപീകരിക്കുന്നതിന് തടസ്സം നിൽക്കുന്നത് ബിജെപിയാണെന്നും ശിവസേന കുറ്റപ്പെടുത്തി.
ബിജെപി നേതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് അവകാശപ്പെടുന്നവർ സർക്കാർ രൂപീകരിക്കുന്നില്ല. ഒറ്റയ്ക്ക് ഭൂരിക്ഷം നേടാത്തവരാണ് രാഷ്ട്രപതി ഭരണം കൊണ്ട് വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. ഭരിക്കാൻ ജനിച്ചവരാണെന്നാണ് ഇത്തരം ആളുകളുടെ മനോഭാവം. അത്തരം മനോഭാവമാണ് ഭൂരിപക്ഷം നേടുന്നതിന് തടസ്സമായതെന്നും സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെ ശിവസേന കുറ്റപ്പെടുത്തി.
Discussion about this post