ബാങ്കോക്ക്: സൗദി സന്ദര്‍ശനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തായ്‌ലാന്റ് സന്ദര്‍ശനത്തിന് പോവുകയാണ്. മോഡിയുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. മേഖലാ സമഗ്ര സാമ്പത്തികപങ്കാളിത്ത (ആര്‍സിഇപി) കരാറിന്റെ അന്തിമചര്‍ച്ചകളില്‍ പങ്കെടുക്കാനാണ് മോഡി തായ്‌ലാന്റിലേയ്ക്ക് തിരിക്കുന്നത്.
ശനിയാഴ്ച ആരംഭിക്കുന്ന മൂന്നുദിവസത്തെ സന്ദര്‍ശനത്തില്‍ ആസിയാന്‍-ഇന്ത്യ, കിഴക്കനേഷ്യാ ഉച്ചകോടികളിലും അദ്ദേഹം പങ്കെടുക്കും. സാമ്പത്തിക, സൈനിക ശക്തിയായി ചൈന വളരുന്നതിന്റെ പശ്ചാത്തലത്തിലാണ് നോന്‍താബുരിയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ ഉച്ചകോടി നടക്കുന്നത്.
അംഗരാജ്യങ്ങളുമായുള്ള വാണിജ്യ, സുരക്ഷാ ബന്ധമാകും ഉച്ചകോടിയില്‍ ഇന്ത്യയുടെ മുന്‍ഗണനാവിഷയം. ബാങ്കോക്കില്‍ നടക്കുന്ന ആര്‍സിഇപി ചര്‍ച്ചകളില്‍ തിങ്കളാഴ്ച അദ്ദേഹം പങ്കെടുക്കും. കരാറില്‍ ഭാഗമാകണോ വേണ്ടയോ എന്നകാര്യത്തില്‍ ഇന്ത്യ ഇതുവരെയും അന്തിമതീരുമാനമെടുത്തിട്ടില്ല. ശനിയാഴ്ച വൈകീട്ട് ബാങ്കോക്കിലെത്തുന്ന മോഡി, അവിടത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തായ്ലാന്റിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.