ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി.ആശുപത്രിയിലാക്കാന്‍
മാത്രമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചിദംബരത്തിന് ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ചിദംബരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി നേരത്തേ എയിംസിലെ ഡോക്ടര്‍മാര്‍ അംഗങ്ങളായ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. തിഹാര്‍ ജയിലിലെത്തി ചിദംബരത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍, ചിദംബരത്തെ ആശുപത്രിയിലാക്കേണ്ടതില്ലെന്നും നിലവില്‍ എല്ലാ ആരോഗ്യസൂചികകളും സാധാരണനിലയിലാണെന്നും റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പരിശോധിച്ചാണ്, ഡല്‍ഹി ഹൈക്കോടതി ചിദംബരത്തിന് ജാമ്യം നിഷേധിച്ചിരിക്കുന്നത്.
അതേസമയം, തിഹാര്‍ ജയിലില്‍ ചിദംബരത്തിന് വൃത്തിയുള്ള സൗകര്യങ്ങളൊരുക്കണമെന്ന് ജയിലധികൃതരോട് ഹൈക്കോടതി നിര്‍ദേശിച്ചു. ചുറ്റുപാടും വൃത്തികേടുകളുണ്ടാകരുത്. നല്ല മിനറല്‍ വാട്ടര്‍ തന്നെ നല്‍കണം. വീട്ടിലുണ്ടാക്കിയ ഭക്ഷണം നല്‍കാം. ഡല്‍ഹിയിലെ ഇപ്പോഴത്തെ മലിനീകരണം തടയാനായി മാസ്‌കുകള്‍ നല്‍കണം. കൊതുകുകടിയേറ്റ് കിടക്കുന്ന സ്ഥിതിയുണ്ടാവരുത്. കൊതുകുവല പോലത്തെ സൗകര്യങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Discussion about this post