മുംബൈ: മഹാരാഷ്ട്രയില്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബിജെപി നേതാവ് സുധീര്‍ മുങ്ങന്തിവര്‍. ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധം ഫെവിക്കോളിനേക്കാള്‍ ശക്തമാണെന്നും ഭിന്നതകള്‍ പരിഹരിച്ച് ഇരു പാര്‍ട്ടികളും ചേര്‍ന്ന് ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സുധീര്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി എട്ടിനാണ് തീരുന്നത്. ഈ മാസം ഏഴിനകം പുതിയ സര്‍ക്കാര്‍ രൂപീകരിക്കണം. നിശ്ചിത സമയത്തിനകം സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം നടന്നില്ലെങ്കില്‍ സ്വാഭാവികമായും സംസ്ഥാനം രാഷ്ട്രപതി ഭരണത്തിനു കീഴിലാവുമെന്നും സുധീര്‍ പറഞ്ഞു.
ഏതെങ്കിലും ഒരു പാര്‍ട്ടിക്കല്ല, ബിജെപിയും ശിവേസനയും ചേര്‍ന്ന സഖ്യത്തിനാണ് ജനങ്ങള്‍ വോട്ടുചെയ്തത്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ബിജെപി ദേവേന്ദ്ര ഫഡ്നാവിസിനെ ഇതിനകം തന്നെ തീരുമാനിച്ചുകഴിഞ്ഞു. ശിവേസനയുടെ കടുത്ത നിലപാടാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നതെന്നും പ്രശ്നത്തില്‍ വേണ്ടിവന്നാല്‍ ദേശീയ നേതൃത്വം ഇടപെടുമെന്നും സുധീര്‍ വ്യക്തമാക്കി.
Discussion about this post