തുടര്‍ച്ചയായി മൂന്നാം മാസവും പാചകവാതക വിലയില്‍ വര്‍ധനവ്; സിലിണ്ടറിന് 76 രൂപ കൂട്ടി

ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവ്. സിലിണ്ടറിന് 76 രൂപയാണ് ഇത്തവണ വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് പാചകവാതക വിലയില്‍ വര്‍ധനവുണ്ടാകുന്നത്. ഒക്ടോബറില്‍ 15 രൂപയും സെപ്തംബറില്‍ 15.50 രൂപയും വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് നവംബറില്‍ ഒറ്റയടിക്ക് 76 രൂപ കൂട്ടിയത്.

വര്‍ധിപ്പിച്ച വില പ്രകാരം ഡല്‍ഹിയില്‍ 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് 681.50 രൂപ നല്‍കണം. കൊല്‍ക്കത്തയില്‍ 706 രൂപയും മുംബൈയില്‍ 651 രൂപയുമാണ് വില. ചെന്നൈയില്‍ 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് 696 രൂപയുമായി വില ഉയര്‍ന്നു.

എന്നാല്‍ സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. ഓരോ കുടുംബത്തിനും വര്ഷത്തില്‍ അനുവദിച്ചിട്ടുള്ള 12 സിലിണ്ടറില്‍ കൂടുതല്‍ വാങ്ങിയാല്‍ സബ്‌സിഡിക്ക് പുറത്തുള്ള വര്‍ധിപ്പിച്ച വില നല്‍കേണ്ടിവരും. മാസാമാസം പാചകവാതക വിലയിലുള്ള ഈ വര്‍ധനവ് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ്.

Exit mobile version