ന്യൂഡൽഹി: സ്ത്രീകളുടേയും പുരുഷന്മാരുടേയും വിവാഹപ്രായം ഏകീകരിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി സൂചന. പുരുഷന്റെ വിവാഹപ്രായം സ്ത്രീകളുടേതു പോലെ 18 ആക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇതിനായി ശൈശവ വിവാഹ നിരോധന നിയമത്തിൽ ഭേദഗതി വരുത്തിയേക്കും.
നിലവിലെ നിയമപ്രകാരം പുരുഷന് 21 ആണ് വിവാഹപ്രായം. നിയമഭേദഗതിയിൽ ശൈശവ വിവാഹങ്ങൾക്ക് ഒത്താശ ചെയ്യുകയും കാർമികത്വം വഹിക്കുകയും ചെയ്യുന്നവർക്കുള്ള ശിക്ഷ കഠിനമാക്കാനും ആലോചനയുണ്ട്. 2 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നത് 7 വർഷം തടവും 7 ലക്ഷം രൂപ പിഴയുമാക്കും.
ശൈശവ വിവാഹങ്ങൾ നിയമ വിരുദ്ധമാണെങ്കിലും ഇരു കക്ഷികൾക്കും വിവാഹ പ്രായമെത്തുമ്പോൾ വിവാഹം നിയമവിധേയമാക്കാം എന്ന വ്യവസ്ഥ എടുത്തു കളഞ്ഞേക്കും. ഇതു സംബന്ധിച്ച മൂന്നാം വകുപ്പിൽ മാറ്റം വരുത്താനാണ് തീരുമാനം.