പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇന്നു സന്ദര്‍ശിച്ചേക്കും. പത്തുമണിയോടെ കമ്മീഷന് വാളയാറില്‍ എത്തുമെന്നാണ് സൂചന.
പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപിയുടെ 100 മണിക്കൂര്‍ ധര്‍ണ്ണ സമരം തുടരുകയാണ്. അതേസമയം, വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.
സിബിഐ അന്വേഷണത്തിനായി നിയമപരമായ എല്ലാ നീക്കങ്ങളും നടത്തുമെന്നും വാളയാറില്‍ കൊല്ലപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്കി. അതേസമയം തങ്ങള്‍ വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്ന ദിവസം, മാതാപിതാക്കള്‍ ഇവിടെ നിന്നും മാറിയതില്‍ സംശയമുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷണന് പറഞ്ഞു.
ഇന്നലെ നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് രക്ഷിതാക്കള്‍ സിബിഐ അന്വേഷണം എന്ന ആവശ്യം മുന്നോട്ട് വച്ചത്. ഇത് സംബന്ധിച്ച് നിവേദനവും നല്കി. കെപിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ പുന്നല ശ്രീകുമാറിനൊപ്പമാണ് രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. സിബിഐക്ക് അന്വേഷണം നേരിട്ടു കൈമാറുന്നതിലുള്ള നിയമപരമായ തടസ്സങ്ങള്‍ മുഖ്യമന്ത്രി അറിച്ചതായി പുന്നല ശ്രീകുമാര്‍ പറഞ്ഞു.