ബിജെപിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് കൂടുന്നു..! രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ രാജി വച്ചു; ഇനിയുള്ള നീക്കം ബിജെപിക്കെതിരെ

ജയ്പൂര്‍: ബിജെപിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് കൂടുന്നു. രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. രാജസ്ഥാനിലെ ആല്‍വാറിലെ രാംഗഡ് മണ്ഡലത്തിലെ എംഎല്‍എയായിരുന്നു അഹൂജ .വിവാദ പരാമര്‍ശങ്ങള്‍ നടത്തി ജനശ്രദ്ധ നേടിയ നേതാവായിരുന്നു അദ്ദേഹം. ഇതോടെ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അഹൂജയുടെ രാജി. ബിജെപി സംസ്ഥാന സെക്രട്ടറി മദന്‍ ലാല്‍ സൈനിക്കാണ് അഹൂജ രാജി കൈമാറിയിരിക്കുന്നത്. അതേസമയം ബിജെപിയ്‌ക്കെതിരെ ജയ്പൂരിലെ സംഗാനീരില്‍ നിന്ന് മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്.

പശുക്കടത്ത് നടത്തിയെന്നാരോപിച്ച് പെഹ്‌ള ഖാന്‍ ആള്‍ക്കൂട്ടകൊലപാതകത്തിന് ഇരയായപ്പോള്‍ പശുക്കളെ കടത്തുന്നവരുടെ വിധി മുമ്പും ഇത് തന്നെയായിരുന്നു എന്നായിരുന്നു അഹൂജയുടെ പ്രസ്താവന. മരത്തില്‍ കെട്ടിയിട്ട് അടിക്കണം എന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. മാത്രമല്ല ജെഎന്‍യുവില്‍ നിന്ന് കോണ്ടങ്ങള്‍ കണ്ടെടുത്തുവെന്ന് വിവാദ പ്രസ്താവന നടത്തുകയും വിദ്യാര്‍ത്ഥികള്‍ നഗ്‌നരായി എത്താറുണ്ടെന്നും പറഞ്ഞ് വിവാദം സൃഷ്ടിച്ചിരുന്നു.

Exit mobile version