ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചു കുലുക്കിയതും ഞെട്ടിച്ചതുമായ കൂട്ടബലാത്സംഗകേസാണ് നിര്‍ഭയ. വര്‍ഷം ഏഴ് പിന്നിട്ടിട്ടും ആ സംഭവങ്ങള്‍ ഇന്നും ഓരോ പൗരനിലും ഞെട്ടല്‍ ഉളവാക്കുന്നതാണ്. ഇപ്പോള്‍ കേസിലെ പ്രതികളുടെ വധശിക്ഷ വൈകില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. പ്രതികള്‍ക്ക് വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നാവശ്യപ്പെട്ട് ദയാഹര്‍ജി നല്കാന് വെറും ഏഴ് ദിവസം കൂടി മാത്രമേയുള്ളൂ. എന്നാല്‍ പ്രസിഡന്റിന് ദയാഹര്‍ജി സമര്‍പ്പിക്കാന്‍ കുറ്റവാളികള്‍ തയ്യാറായിട്ടില്ല.
ഇതിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷാ നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ പോകുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് കുറ്റവാളികളില്‍ മൂന്ന് പേര് തിഹാര്‍ ജയിലിലാണ്. ഒരാള്‍ മണ്ടോളി ജയിലിലും. ദയാഹര്‍ജി സംബന്ധിച്ച് കുറ്റവാളികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് തിഹാര്‍ ജയില്‍ ഡയറക്ടര്‍ സന്ദീപ് ഗോയല്‍ വ്യക്തമാക്കി.
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ ആദ്യം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവ കോടതി തള്ളുകയും ചെയ്തിരുന്നു. വിധിക്കെതിരെ റിവ്യൂ പെറ്റീഷന് നല്‍കാമെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ഇനി വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുകയാണ് ഇവരുടെ മുന്നിലുള്ള ഏകമാര്‍ഗം. എന്നാല്‍, ഇതുവരെ ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ കുറ്റവാളികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. ദയാഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് പ്രതികള്‍ സൂചന നല്‍കിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.
ഏഴ് ദിവസത്തിനുള്ളില്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്കിയിട്ടില്ലെങ്കില് വധശിക്ഷ വാറന്റ് പുറപ്പെടുവിക്കാന്‍ ജയില്‍ അധികൃതര്‍ വിചാരണക്കോടതിയോട് ആവശ്യപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന് ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാം സിംഗ് ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കുമെതിരെയാണ് കോടതി വധശിക്ഷ വിധിച്ചത്.
Discussion about this post