ഭോപ്പാല്‍: പോഷകാഹാര കുറവിനെ തുടര്‍ന്ന് അംഗന്‍വാടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ എതിര്‍ത്ത് ബിജെപി നേതാവ്. കുട്ടികള്‍ക്ക് മുട്ട നല്‍കിയാല്‍ അവര്‍ വളര്‍ന്ന് വലുതാകുമ്പോള്‍ നരഭോജികളാകുമെന്നാണ് ബിജെപി നേതാവായ ഗോപാല്‍ ഭര്‍ഗവ പറഞ്ഞത്. പ്രസ്താവന ഇതിനോടകം വിവാദമായി കഴിഞ്ഞു. നിരവധി പേരാണ് നേതാവിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
പോഷകാഹാരക്കുറവ് കണ്ടെത്തിയതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ അംഗന്‍വാടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് നേതാവിന്റെ വിവാദ പ്രസ്താവന. ഈ തീരുമാനത്തെ ബിജെപി നേതൃത്വം ഒന്നടങ്കം എതിര്‍ക്കുന്നുണ്ട്. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുവെന്നാണ് ഉയര്‍ത്തുന്ന വാദം. മാംസാഹാരം കഴിക്കുന്നത് ഭാരതത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും കുട്ടികളെ മുട്ട നല്‍കി വളര്‍ത്തിക്കഴിഞ്ഞാല്‍ വലുതാകുമ്പോള്‍ ഒരു പക്ഷെ അവര്‍ നരഭോജികള്‍ അയേക്കാമെന്നാണ് ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവയുടെ പ്രതികരണം.
നിലവിലെ കണക്കനുസരിച്ച് മധ്യപ്രദേശില്‍ പോഷഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം 42 ശതമാനത്തില്‍ കൂടുതലാണ്. ഇതോടെയാണ് പോഷഹാകാരക്കുറവ് പരിഹരിക്കുന്നതിന് വേണ്ടി അടുത്ത മാസം മുതല്‍ അംഗന്‍വാടിയിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനം കൈകൊണ്ടത്. ഒരാഴ്ചയില്‍ മൂന്ന് ദിവസം മുട്ട നല്‍കാനാണ് ലക്ഷ്യമിട്ടത്. കുട്ടികളുടെ ആരോഗ്യം മാത്രമാണ് മുട്ട ഉച്ചഭക്ഷണത്തി ചേര്‍ക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും, ബിജെപിയുടെ പ്രതിഷേധങ്ങളെ കാര്യമാക്കുന്നില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി. തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.