ന്യൂഡല്‍ഹി: ജമ്മു കാശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശമയി പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒമ്പതാവുകയും രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം ഇരുപത്തിയെട്ടായി കുറയുകയും ചെയ്തു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മുന്‍ കേന്ദ്ര സെക്രട്ടറി ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മു കാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍. മുന്‍ പ്രതിരോധ സെക്രട്ടറി രാധാകൃഷ്ണ മാഥുറാണ് ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍. ലഡാക്കും കാശ്മീരും കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ചതോടെ ഇവിടുത്തെ ക്രമസമാധാന ചുമതല കേന്ദ്രസര്‍ക്കാരിന് കീഴിലായിരിക്കുകയാണ്.
അതേസമയം ജമ്മു കാശ്മീരില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ തുടരുകയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോഴും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നുണ്ട്. ഇത് കാരണം പ്രദേശവാസികള്‍ ഭയത്തോടെ ആണ് ഓരോ ദിനവും തള്ളി നീക്കുന്നത്.