അമരാവതി: ആന്ധ്രാപ്രദേശിൽ ലുലു ഗ്രൂപ്പിന് ഭൂമി പാട്ടത്തിന് അനുവദിച്ച മുൻസർക്കാർ നടപടി റദ്ദാക്കി വൈഎസ്ആർ സർക്കാർ. വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പിന് കൺവെൻഷൻ സെന്റർ തുടങ്ങാനായി 13.83 ഏക്കർ ഭൂമി അനുവദിച്ച മുൻ ചന്ദ്രബാബു നായിഡു സർക്കാരിന്റെ തീരുമാനമാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം റദ്ദാക്കിയത്. ഏക്കറിന് 50 കോടി രൂപ മതിപ്പുവിലയുള്ള ഭൂമി മാസം 4.51 ലക്ഷം രൂപ പാട്ടത്തിനാണ് 2017 ജൂലായിൽ ലുലു ഗ്രൂപ്പിനു നൽകിയത്.
ഈ സ്ഥലത്ത് 2200 കോടി ചെലവിൽ സമ്മേളനഹാളുകൾ, പഞ്ചനക്ഷത്ര ഹോട്ടൽ, കച്ചവടകേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ളവ പണിയുന്നതിനായിരുന്നു ഭൂമി വിട്ടുകൊടുത്തത്. അന്ന് പ്രതിപക്ഷത്തായിരുന്ന ഇപ്പോഴത്തെ ഭരണകക്ഷി വൈഎസ്ആർ കോൺഗ്രസ് തീരുമാനത്തെ അന്നുതന്നെ ശക്തമായി എതിർത്തിരുന്നു.
പദ്ധതി ലേലംകൊള്ളാനെത്തിയ ഏക കക്ഷിയായ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിലൂടെ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നായിഡു സർക്കാർ നടത്തിയതെന്ന് മന്ത്രിസഭാ യോഗം ആരോപിക്കുകയും ചെയ്തു.
കൃഷ്ണ ജില്ലയിലെ ജഗ്ഗിയാഫ്‌പേട്ടിൽ 498.93 ഏക്കർ ഭൂമി നായിഡുവിന്റെ ബന്ധുവിന്റെ കമ്പനിക്ക് അനുവദിച്ച തീരുമാനവും മന്ത്രിസഭായോഗം റദ്ദാക്കി.
Discussion about this post