ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങള്‍ക്ക് സഹായധനം നല്‍കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം. കേരളം ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങള്‍ക്ക് 580 കോടിയുടെ സഹായധനം നല്‍കാനുള്ള നിര്‍ദേശമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചത്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള ഏഴു സംസ്ഥാനങ്ങളിലെ 30 ജില്ലകള്‍ക്കായാണ് കേന്ദ്രം 580 കോടി രൂപ നല്‍കുക. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ഈ തുക വിനിയോഗിക്കുക. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ അതീവ സുരക്ഷാ സംവിധാനമുള്ള പോലീസ് സ്റ്റേഷനുകള്‍ നിര്‍മിക്കാനും തീരുമാനമായി. കേരളം, ആന്ധ്ര, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലായി 250 പോലീസ് സ്റ്റേഷനുകളാണ് നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയാണ് നിര്‍ദേശത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ 90 ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഛത്തിസ്ഗഢ്, ജാര്‍ഖണ്ഡ്,ഒഡീഷ, വെസ്റ്റ് ബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാ പ്രദേശ്, മധ്യപ്രദേശ്, കേരളം, ഉത്തര്‍പ്രദേശ് തുടങ്ങിയവയാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള സംസ്ഥാനങ്ങള്‍.
ഝാര്‍ഖണ്ഡിലാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകള്‍ കൂടുതലുള്ളത്. ഛത്തിസ്ഗഢ്, ബിഹാര്‍ എന്നിവയാണ് തൊട്ടുപിന്നില്‍. ആന്ധ്രയും ഛത്തിസ്ഗഢും നേരത്തെ തന്നെ മാവോയിസ്റ്റ് സാന്നിധ്യമുള്ള സംസ്ഥാനങ്ങളായി കണ്ടെത്തിയിരുന്നു. കേരളം ഈ പട്ടികയിലേക്കു വന്നത് സമീപകാലത്താണ്. കേരളത്തിലെ മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
Discussion about this post