ന്യൂഡൽഹി: വനിത അഭിഭാഷകർ വിവാദങ്ങൾക്ക് താൽപര്യമില്ലാത്തതിനാൽ ജഡ്ജിമാരാകാൻ മടിക്കുന്നെന്ന് നിയുക്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ. വനിതകളെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്താൽ അവർക്ക് എതിരെ പരാതി പ്രളയം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ തരത്തിൽ ഉള്ള പരാതികളും ഇതിൽപ്പെടുമെന്നും ബാലിശമായ പരാതികളെ തുടർന്ന് അനാവശ്യ വിവാദങ്ങളിൽപെടാൻ ആഗ്രഹം ഇല്ലാത്തതിനാൽ വനിതകൾ ജഡ്ജിമാർ ആകാൻ മടിക്കുന്നെന്നും ജസ്റ്റിസ് ബോബ്‌ഡെ ചൂണ്ടിക്കാട്ടി.
വനിതകളെ ജഡ്ജിമാർ ആയി നിയമിക്കരുത് എന്ന മുൻവിധി ഇല്ല. സുപ്രീം കോടതിയിലേക്കും ഹൈക്കോടതിയിലേക്കും കൂടുതൽ വനിത ജഡ്ജിമാരെ നിയമിക്കാൻ ശ്രമിക്കുമെന്നും നിയുക്ത ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീം കോടതിയിൽ ഒറ്റ രാത്രി കൊണ്ട് വനിത ജഡ്ജിമാരെ നിയമിക്കാൻ കഴിയില്ല. ഹൈക്കോടതിയിൽ ജഡ്ജിമാരായി നിയമിക്കണം എങ്കിൽ 45 വയസ്സ് കഴിഞ്ഞിരിക്കണം എന്നാണ് ചട്ടമെന്നും നിലവിൽ ആവശ്യത്തിന് വനിത ജഡ്ജിമാർ ഇല്ലാത്തത് പോരായ്മ ആണെന്നും നിയുക്ത ചീഫ് ജസ്റ്റിസ് ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. നവംബർ 18 ന് ആണ് ജസ്റ്റിസ് ബോബ്‌ഡെ ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നത്.
ആവിഷ്‌ക്കാര സ്വാതന്ത്ര്യം രാജ്യത്ത് എല്ലാവർക്കും ഒരു പോലെ ലഭിക്കുന്നില്ല എന്നും നിയുക്ത ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ചിലർക്ക് സമൂഹ മാധ്യമങ്ങളിലൂടെയും പൊതു വേദികളിലൂടെയും എന്ത് അഭിപ്രായവും പ്രകടിപ്പിക്കാം. എന്നാൽ മറ്റ് ചിലർക്ക് അഭിപ്രായം പറയുന്നത്തിന് ദേഹോപദ്രവം ലഭിക്കുന്ന സാഹചര്യം ആണ്. ഇതിന് മുമ്പ് ഒരിക്കലും ഈ വിടവ് ഇത്രത്തോളം പ്രകടം ആയിരുന്നില്ല എന്നും നിയുക്ത ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.