ചണ്ഡീഗഢ്: കാടിവെള്ളം കുടിച്ച കാള പച്ചക്കറിയുടെ അവശിഷ്ടങ്ങൾക്കൊപ്പം അകത്താക്കിയത് ഗൃഹനാഥന്റെ ഭാര്യയുടേയും മരുമകളുടേയും 40 ഗ്രാം സ്വർണ്ണം. ഹരിയാണയിലെ സിർസയിലാണ് സംഭവം. ഒക്ടോബർ 19നാണ് കാള സ്വർണ്ണം വിഴുങ്ങിയത്. കാലാംവാലി മേഖലയിലെ താമസക്കാരനായ ജനക്രാജ് എന്നയാളുടെ ഭാര്യയുടെയും മരുമകളുടെയും സ്വർണ്ണമാണ് പച്ചക്കറിമാലിന്യത്തിൽനിന്ന് നേരെ കാളയുടെ വയറ്റിലെത്തിയത്.
സംഭവത്തെ കുറിച്ച് ജനക് രാജും കുടുംബവും പറയുന്നതിങ്ങനെ: പച്ചക്കറി മുറിക്കുന്നതിനിടെ തന്റെ ഭാര്യയും മരുമകളും അവരുടെ സ്വർണ്ണാഭരണങ്ങൾ പച്ചക്കറി മുറിച്ച പാത്രത്തിൽ ഊരിവെച്ചു. മിച്ചം വന്ന പച്ചക്കറി അവശിഷ്ടങ്ങൾ കൊണ്ട് ഈ പാത്രം നിറയുകയും ചെയ്തു. തുടർന്ന് പാത്രത്തിൽനിന്ന് സ്വർണ്ണം എടുക്കാൻ മറക്കുകയും പച്ചക്കറി അവശിഷ്ടങ്ങൾ പുറത്തുകളയുകയുമായിരുന്നു. പച്ചക്കറി അവശിഷ്ടങ്ങൾ നിക്ഷേപിച്ച മാലിന്യക്കൂമ്പാരത്തിൽനിന്ന് കാള തീറ്റ തിന്നുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നുവെന്നും ജനക്രാജ് കൂട്ടിച്ചേർത്തു.
ജനക്രാജും കുടുംബവും കാളയ്ക്കു വേണ്ടി തിരച്ചിൽ നടത്തുകയും അതിനെ മൃഗഡോക്ടറുടെ സഹായത്തോടെ പിടികൂടി വീടിനു സമീപത്തെ തുറസായ സ്ഥലത്ത് കെട്ടിയിടുകയും ചെയ്തിട്ടുണ്ട്. കാളയ്ക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്നും ചാണകത്തിലൂടെ സ്വർണ്ണം പുറത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജനക്രാജ് കൂട്ടിച്ചേർത്തു. സ്വർണ്ണം ലഭിച്ചില്ലെങ്കിൽ കാളയെ ഗോശാലയിൽ വിടാനാണ് ഇവരുടെ തീരുമാനം.
Discussion about this post