മുംബൈ: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ബിജെപിയുമായി നടത്താനിരുന്ന ചർച്ചയിൽനിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷം. മന്ത്രിസഭാ രൂപീകരണം ഇതോടെ അനിശ്ചിതത്വത്തിലായി. മുഖ്യമന്ത്രിപദം പങ്കുവെക്കുന്നതുസംബന്ധിച്ച് ശിവസേനയ്ക്ക് നേരത്തേ ഉറപ്പൊന്നും കൊടുത്തിട്ടില്ലെന്നും ശിവസേനയുടെ 50:50 ഫോർമുല അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ചർച്ചയിൽനിന്ന് പിന്മാറുന്ന കാര്യം ശിവസേന അറിയിച്ചത്. ഇതോടെ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മുംബൈ സന്ദർശനവും മാറ്റിയിട്ടുണ്ട്.
മുഖ്യമന്ത്രിപദം രണ്ടരവർഷംവീതം പങ്കുവെക്കണമെന്ന് ശിവസേനയും അതുപറ്റില്ലെന്ന് ബിജെപിയും പിടിവിശിയിലാണ്. ഇതുമൂലമാണ് തെരഞ്ഞെടുപ്പുഫലം വന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ രൂപീകരണത്തിലേക്ക് കടക്കാൻ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്കും സഖ്യകക്ഷിയായ ശിവസേനയ്ക്കും കഴിയാത്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ മുഖ്യമന്ത്രിപദം 50:50 അനുപാതത്തിൽ പങ്കുവെക്കാമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ ലോക്സഭാ തെരഞ്ഞടുപ്പുവേളയിൽ ഉറപ്പുനൽകിയിരുന്നു എന്നാണ് ശിവസേന പറയുന്നത്. ഈ ധാരണയിൽനിന്ന് പിന്നോട്ടില്ലെന്ന് ശിവസേനാ നേതാക്കൾ ആവർത്തിക്കുന്നു.
എന്നാൽ, അങ്ങനെയൊരു ഉറപ്പ് ആരും ശിവസേനയ്ക്ക് നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചൊവ്വാഴ്ച പറഞ്ഞു. മഹാരാഷ്ട്ര സർക്കാരിന് അടുത്ത അഞ്ചുവർഷത്തേക്ക് ബിജെപി തന്നെ നേതൃത്വം നൽകുമെന്നും അഞ്ചുവർഷക്കാലവും ശിവസേന മന്ത്രിസഭയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയാണ് ശിവസേനയെ പ്രകോപിപ്പിച്ചത്. ഫഡ്നാവിസ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ സത്യത്തിന്റെ നിർവചനംതന്നെ മാറ്റേണ്ടിവരുമെന്ന് ശിവസേനാനേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. അമിത് ഷായുടെ സാന്നിധ്യത്തിൽ ഫഡ്നാവിസ് തന്നെയാണ് പദവികൾ തുല്യമായി പങ്കുവെക്കാമെന്ന നിർദേശം വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫഡ്നവിസ് ഇതേക്കുറിച്ച് സംസാരിക്കുന്ന വീഡിയോദൃശ്യവും ശിവസേന പുറത്തുവിട്ടിട്ടുണ്ട്.
Discussion about this post