മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തെ ചൊല്ലി ബിജെപിയും ശിവസേനയും തുറന്ന പോരിലേക്ക്. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുണ്ടെന്ന് വാദിക്കുന്ന ശിവസേനയെ പരസ്യമായി തള്ളി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. ശിവസേനയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ 50:50 ഫോർമുല അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് വാഗ്ദാനം നൽകിയിട്ടില്ലെന്നും 50-50 ഫോർമുല അംഗീകരിച്ചിട്ടില്ലെന്നും ഫഡ്നാവിസ് വ്യക്തമാക്കി.
മുഖ്യമന്ത്രി പദം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ബിജെപി അധ്യക്ഷൻ തന്നെ വ്യക്തമാക്കിയതാണ്. ഇതുവരെ ഒരു ഫോർമുലയും തങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും ഫഡ്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിൽ നിർണായക ശക്തിയായി മാറിയ ശിവസേനയ്ക്ക് ഏറ്റവും കൃത്യമായ മറുപടി നൽകുകയായിരുന്നു ഇതിലൂടെ ഫഡ്നാവിസ്. നിലവിലെ മുഖ്യമന്ത്രിയായ ഫഡ്നാവിസിനെ തന്നെയാണ് ബിജെപി തെരഞ്ഞെടുപ്പിൽ ഭാവി മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയിരുന്നത്. ഫഡ്നാവിസിന്റെ പ്രസ്താവന വരുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് തങ്ങൾ മറ്റ് സാധ്യതകൾ പരിശോധിക്കുമെന്ന മുന്നറിയിപ്പും ഉയർത്തിയിരുന്നു.
തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാമെന്ന കണക്കുകൂട്ടലിൽ കളത്തിലിറങ്ങിയ ബിജെപി 105 സീറ്റിലേക്ക് ഒതുങ്ങിയിരുന്നു. കേവല ഭൂരിപക്ഷത്തിൽ നിന്നും 40 എംഎൽഎമാരുടെ കുറവാണ് ബിജെപിക്കുള്ളത്. ഇതാണ് 56 സീറ്റുള്ള ശിവസേനയെ എൻഡിഎ സർക്കാർ രൂപീകരണത്തിലെ നിർണായക ശക്തിയാക്കി മാറ്റിയത്.
Discussion about this post