ന്യൂഡൽഹി: ടെലികോം രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ ഏറെക്കുറെ സാധിച്ചതിനാൽ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇ-കൊമേഴ്‌സ് മേഖലയും കൈപ്പിടിയിൽ ഒതുക്കാൻ തയ്യാറെടുക്കുന്നു. ഇതിന്റെ ആദ്യപടിയായി 2,400 കോടി ഡോളർ ആസ്തിയുള്ള ഡിജിറ്റൽ സർവീസസ് കമ്പനി രൂപീകരിക്കാനുള്ള നീക്കത്തിലാണ് മുകേഷ് അംബാനി. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്, ചൈനയിലെ ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ എന്നിവയുടെ മാതൃകയിലുള്ള ഹോൾഡിങ് കമ്പനിയായിരിക്കും ഇത്.
ആഭ്യന്തര ഓൺലൈൻ ഷോപ്പിങ് രംഗത്ത് ആധിപത്യം സ്ഥാപിക്കുന്നതിനുള്ള റിലയൻസിന്റെ ഒരു ഹബ്ബായി ഡിജിറ്റൽ സർവീസസ് കമ്പനി മാറുമെന്നാണ് സൂചന. ഫ്‌ളിപ്കാർട്ടും ആമസോണും അടക്കിവാഴുന്ന ഇന്ത്യൻ ഇ-കൊമേഴ്സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ഒരുങ്ങുന്നതായി നേരത്തെതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, റിലയൻസിന്റെ പൂർണ ഉടമസ്ഥതയിൽ പ്രവർത്തനം ആരംഭിക്കുന്ന ഡിജിറ്റൽ സർവീസസ് കമ്പനിക്കായി 1,500 കോടി ഡോളർ നിക്ഷേപം നടത്താനുള്ള നിർദേശത്തിന് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ ബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു. റിലയൻസ് ജിയോയുടെ 1.08 ലക്ഷം കോടി രൂപയുടെ ബാധ്യത റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് ഈ ഹോൾഡിങ് കമ്പനി ഏറ്റെടുക്കും. നിലവിൽ 65,000 കോടി രൂപയാണ് ജിയോയിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂലധന നിക്ഷേപം. 2020-ഓടെ ജിയോയെ കടബാധ്യതകളിൽനിന്നു മുക്തമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
Discussion about this post