ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്ന് മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതിക്ക് സംസ്ഥാന ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിടിസി ബോര്‍ഡ് യോഗം അംഗീകാരം നല്കി. ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യുവതികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത്.
സര്‍ക്കാര്‍ ബസുകളിലാണ് ഈ സേവനം ലഭ്യമാകുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. രക്ഷാ ബന്ധന് ദിനത്തില്‍ എന്റെ സഹോദരികള്‍ക്കുള്ള സമ്മാനം എന്ന് പറഞ്ഞാണ് അരവിന്ദ് കെജ്രിവാള് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സ്ഥലങ്ങളിലും സിസിടിവി സ്ഥാപിക്കുമെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞു.
പദ്ധതി നടപ്പാക്കാന്‍ 290 കോടി രൂപയാണ് ഓഗസ്റ്റില്‍ ചേര്‍ന്ന സംസ്ഥാന സര്‍ക്കാരിന്റെ വര്‍ഷകാല സമ്മേളനത്തില്‍ വകയിരുത്തിയത്. പുതിയ പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കും.
‘ഡല്‍ഹിക്ക് ഇത് ചരിത്ര നിമിഷം. 29.10.2019 മുതല്‍ ഡല്‍ഹിയിലെ സ്ത്രീകള്‍ സൗജന്യമായി ബസ്സില്‍ യാത്ര ചെയ്യും. ബസ്സില്‍ യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വം നിലകൊള്ളുന്നു.” – ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ സര്‍വീസിലെയോ ലോക്കല്‍ സര്‍വീസിലെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയോ സ്ത്രീകള്‍ക്ക് സൗജന്യ സര്‍വീസ് നല്‍കില്ല.
Discussion about this post