‘നിങ്ങള്‍ ഒറ്റയ്ക്കാണ് എന്ന് തോന്നരുത്, ഈ രാജ്യം ഒന്നടങ്കം നിങ്ങളുടെയും കുടുംബത്തിനും ഒപ്പമുണ്ട്’; രാജ്യത്തെ ജവാന്‍മാര്‍ക്ക് ദീപാവലി ആശംസകള്‍ അറിയിച്ച് കൊച്ചു മിടുക്കിയുടെ ഹൃദയസ്പശിയായ ഗ്രീറ്റിങ് കാര്‍ഡ്

നിങ്ങളില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. നിങ്ങള്‍ക്ക് സന്തോഷം നിറഞ്ഞ ഒരു ദീപാവലി ആശംസിക്കുന്നു. നിങ്ങള്‍ക്ക് ആയുരാരോഗ്യസൗഖ്യങ്ങളുണ്ടാകുമാറാകട്ടെ

ന്യൂഡല്‍ഹി:ദീപാവലി ആഘോഷ വേളയില്‍ കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും മറ്റും ആശംസകള്‍ അറിയിക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തവണത്തെ ദീപാവലി നാളില്‍ മറ്റൊന്നും കൂടി സംഭവിച്ചു. അതിര്‍ത്തിയില്‍ രാജ്യത്തിന് സുരക്ഷ നല്‍കുന്ന നമ്മുടെ പട്ടാളക്കാരെ ദീപാവലി ആശംസകള്‍ അറിയിച്ച് സന്തോഷിപ്പിച്ചിരിക്കുകയാണ് ഒരു കൊച്ചു മിടുക്കി.

സ്വന്തം കൈപടയില്‍ തന്റേതായ രീതിയില്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ആ പെണ്‍കുട്ടി. ഡല്‍ഹി ചാന്ദ്‌നി ചൗക്ക് മെട്രോ സ്റ്റേഷനില്‍ കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിഐഎസ്എഫ് ഭടനാണ് സ്വന്തം കൈപടയില്‍ ദീപാവലി ആശംസകള്‍ അറിയിച്ച് എഴുതിയ ഗ്രീറ്റിങ് കാര്‍ഡ് സമ്മാനിച്ചത്. തങ്ങളുടെ ഔദ്യോഗിക ഐഡിയില്‍ നിന്ന് സിഐഎസ്എഫ് അധികൃതര്‍ ആ കുട്ടിയുടെ ആശംസാ കാര്‍ഡ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.

സന്തോഷം ജനിപ്പിക്കുന്ന ഒരു പെരുമാറ്റം എന്നാണ് സിഐഎസ്എഫ് അധികൃതര്‍ ഈ ഗ്രീറ്റിങ്ങ് കാര്‍ഡിനെ വിശേഷിപ്പിച്ചത്. കാര്‍ഡുകൊടുത്ത ഭടനെ മാത്രമല്ല, രാജ്യത്തെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട് എല്ലാ പട്ടാളക്കാര്‍ക്കും വേണ്ടിയാണ് ആ കൊച്ചു മിടുക്കി ആശംസകള്‍ അറിയിച്ചത്.

ആ പെണ്‍കുട്ടി ഗ്രീറ്റിങ് കാര്‍ഡില്‍ തന്റെ സ്വന്തം കൈപ്പടയില്‍ ഇങ്ങനെ എഴുതി,

‘ഡിയര്‍ പൊലീസ് ഓഫീസേഴ്‌സ് ആന്‍ഡ് ജവാന്‍സ്. നിങ്ങളുടെ ത്യാഗവും ധീരതയും ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നുണ്ട്. നിങ്ങള്‍ ഒറ്റയ്ക്കാണ് എന്നൊരിക്കലും ധരിക്കരുതേ. ഈ രാജ്യം ഒന്നടങ്കം ഒറ്റമനസ്സോടെ നിങ്ങളുടെയും നിങ്ങള്‍ക്കും കുടുംബത്തിനും ഒപ്പമുണ്ട്. നിങ്ങളുടെ അര്‍പ്പണബോധത്തിനും രാജ്യത്തോടുള്ള കൂറിനും നന്ദി. നിങ്ങളില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. നിങ്ങള്‍ക്ക് സന്തോഷം നിറഞ്ഞ ഒരു ദീപാവലി ആശംസിക്കുന്നു. നിങ്ങള്‍ക്ക് ആയുരാരോഗ്യസൗഖ്യങ്ങളുണ്ടാകുമാറാകട്ടെ.. ‘

എന്ന് സ്‌നേഹത്തോടെ
മാന്‍വി

Exit mobile version