കുട്ടി കുഴല്‍ക്കിണറില്‍, ശ്വാസം അടക്കിപ്പിടിച്ച് ഉറക്കമില്ലാതെ കുടുംബം; രക്ഷാപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും ഒരുപോലെ താങ്ങായി ജോതിമണി എംപി

സുജിത്ത് എന്ന രണ്ടു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണിട്ട് 90 മണിക്കൂറുകളാണ് പിന്നിട്ടിരിക്കുന്നത്.

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന്റെ തിരിച്ചു വരവിനായി രാജ്യം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ കുറെ മണിക്കൂറുകളായി കുട്ടിയെ രക്ഷപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണ് നാടും നാട്ടുകാരും. കണ്ണീരൊഴുക്കി തളര്‍ന്നു നില്‍ക്കുന്ന കുടുംബത്തിന് ആശ്വാസമായി കാരൂര്‍ എംപി ജോതിമണി രംഗത്തുണ്ട്. രാപ്പകലാണ് എംപി ഇവിടെ സമയം ചെലവഴിക്കുന്നത്.

സുജിത്ത് എന്ന രണ്ടു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണിട്ട് 90 മണിക്കൂറുകളാണ് പിന്നിട്ടിരിക്കുന്നത്. വീട്ടുകാര്‍ക്കൊപ്പം വെറുംനിലത്ത് അവര്‍ക്കൊപ്പം ഇരിക്കുന്ന എംപിയുടെ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. നാട്ടുകാര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആത്മബലം നല്‍കാനും ജോതിമണി മുന്‍പില്‍ ഉണ്ട്. കുട്ടി വീണ സംഭവത്തില്‍ അവര്‍ തന്റെ പ്രതികരണം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ഈ ദുരിതത്തിന് എന്നാണ് അവസാനം. നമ്മുടെ എത്രയെത്ര കുട്ടികളാണ് കുഴല്‍ക്കിണറില്‍ വീണിരിക്കുന്നത്. ഇതൊരു ഗുരുതര പ്രശ്‌നമാണെന്ന് ഇനി എന്നാണ് തിരിച്ചറിയുന്നതെന്നും ജോതിമണി ട്വീറ്റ് ചെയ്തു. ജോതിമണിയുടെ നാട്ടുകാരുടെ ഇടയിലേക്ക് ഇറങ്ങിചെന്നുള്ള പ്രവര്‍ത്തനത്തെ പ്രശംസിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മീഡിയ സെല്‍ സ്റ്റേറ്റ് സെക്രട്ടറി നൌഷാദ് ട്വിറ്റ് ചെയ്യുകയും ചെയ്തു.

Exit mobile version