മുംബൈ: മഹാരാഷ്ട്രയിലെ അധികാരം കൈയ്യാളുന്നതിനെ ചൊല്ലി ബിജെപി-ശിവസേന തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടിൽ നിന്നും ഇരു പാർട്ടികളും പിന്മാറാത്തതാണ് അധികാര വടംവലിക്ക് കാരണമായിരിക്കുന്നത്. ഇതിനിടെ ഇരുപാർട്ടി നേതാക്കളും ഇന്ന് ഗവർണറെ പ്രത്യേകം പ്രത്യേകമായി സന്ദർശിച്ചു. രാവിലെ പത്തരയോടെ ദിവാകർ റാവുത്തിന്റെ നേതൃത്വത്തിൽ ശിവസേന നേതാക്കൾ ഗവർണർ ഭഗത് സിങ് കോശ്യാരിയെ കാണാനെത്തി. വരും മണിക്കൂറിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽണ് ബിജെപി നേതാക്കൾ ഗവർണറെ കാണും. ദീപാവലി ആശംസകൾ അറിയിക്കാനാണ് ഗവർണറെ സന്ദർശിക്കുന്നതെന്നാണ് ഇരുപാർട്ടികളും ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
അതേസമയം, ആദ്യത്തെ രണ്ടര വർഷം മുഖ്യമന്ത്രിപദം തങ്ങൾക്കുവേണമെന്നും അത് എഴുതി ഒപ്പിട്ടുനൽകണമെന്നും തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ശിവസേന. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പുണ്ടാക്കിയ 50:50 കരാർപ്രകാരം മുഖ്യമന്ത്രിപദമടക്കം ഭരണസംവിധാനത്തിൽ അമ്പത് ശതമാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ശിവസേന പറയുന്നു.
അതേസമയം ബിജെപിയുടെ നേതൃത്വത്തിൽത്തന്നെ മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കിയത് തർക്കം രൂക്ഷമാക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണെന്നും 2014-ൽ ലഭിച്ചതിനെക്കാൾ മികച്ചവിജയമാണ് ഇത്തവണ ബിജെപിക്കു കിട്ടിയതെന്നും ഫഡ്‌നാവിസ് അവകാശപ്പെടുന്നു. കഴിഞ്ഞ തവണ 260 സീറ്റുകളിൽ മത്സരിച്ചപ്പോൾ 122-ൽമാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂ. 47 ശതമാനമായിരുന്നു വിജയം. എന്നാൽ ഇത്തവണ അത് 70 ശതമാനത്തിലേക്ക് ഉയർന്നു. 150 സീറ്റുകളിൽ മത്സരിച്ച് 105 സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞു. മറ്റേതൊരു പാർട്ടിയെക്കാളും വിജയശതമാനം കൂടുതൽ ബിജെപിക്കാണ്. അതിനാൽ മന്ത്രിസഭ ബിജെപിയുടെ നേതൃത്വത്തിലായിരിക്കും ഫഡ്നാവിസ് പറഞ്ഞു.