കൊച്ചി: സൗജന്യ നിരക്കില്‍ വിമാനടിക്കറ്റ് തരപ്പെടുത്താന്‍ കാമുകിയെ ആധാര്‍ കാര്‍ഡില്‍ സഹോദരിയാക്കി മാറ്റിയ വിമാന ജീവനക്കാരനും പെണ്‍സുഹൃത്തും പിടിയില്‍. ഇന്‍ഡിഗോ ജീവനക്കാരനായ ഭുവനേശ്വര്‍ സ്വദേശി രാഗേഷ് (31), കാമുകി ഒഡിഷ സ്വദേശിനി രസ്മിത ബരാല (24) എന്നിവരാണ് സിഐഎസ്എഫിന്റെ പിടിയിലായത്.
വിമാന ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യ നിരക്കില്‍ വിമാന യാത്രയ്ക്കായി ടിക്കറ്റ് ലഭിക്കും. ഈ അവസരം മുതലെടുത്താണ് രാജേഷ് ആധാര്‍ കാര്‍ഡില്‍ കാമുകിയെ സഹോദരിയാക്കിയത്. സഹോദരി രാധയുടെ ആധാര്‍ കാര്‍ഡില്‍ രസ്മിതയുടെ ഫോട്ടോ പതിപ്പിച്ച ശേഷം കളര്‍ പ്രിന്റ് എടുക്കുകയായിരുന്നു.
ശേഷം ഈ ടിക്കറ്റില്‍ ഇരുവരും കേരളത്തിലെ മൂന്നാര്‍ സന്ദര്‍ശിക്കാനായി എത്തി. തിരിച്ച് പോകുന്നതിനിടെ തിരിച്ചറിയല്‍ രേഖയില്‍ സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും തട്ടിപ്പ് നടത്തിയതായി പുറത്തറിഞ്ഞത്. തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നതിനിടയില്‍ യുവതിയുടെ പ്രായത്തില്‍ സംശയം തോന്നിയതോടെയാണ് ചോദ്യം ചെയ്തത്.
ശനിയാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
Discussion about this post