കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ രക്ഷപ്പെടുത്തിയെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം; സത്യം മറ്റൊന്ന്, ഇനിയെങ്കിലും അരുതേ ഈ പ്രചരണമെന്ന് അധികൃതര്‍

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനായ ചന്ദ്രശേഖര്‍ എന്ന കുട്ടിയെ രക്ഷിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയ തെറ്റായി പ്രചരിക്കുന്നത്.

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. കുട്ടി കിണറില്‍ കുടുങ്ങിയിട്ട് ഇപ്പോള്‍ 48 മണിക്കൂറുകള്‍ പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ കുട്ടി വീണ്ടും താഴേയ്ക്ക് പതിച്ചതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരിക്കുകയാണ്. എന്നാല്‍ ഈ സമയം മുതലെടുത്ത് വ്യാജ പ്രചരണവുമായി ഇറങ്ങിയിരിക്കുകയാണ് ഒരു വിഭാഗം ആളുകള്‍.

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷപ്പെടുത്തിയതായാണ് പ്രചരണം നടക്കുന്നത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ വീഡിയോ എടുത്താണ് ചിലര്‍ മുതലെടുപ്പ് നടത്തുന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയാണ്. രണ്ടു വര്‍ഷം മുമ്പ് ഓഗസ്റ്റ് -16ന് ആന്ധ്രയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ തിരുച്ചിറപ്പള്ളിയിലേതെന്ന പേരില്‍ പ്രചരിക്കുകയാണ്.

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനായ ചന്ദ്രശേഖര്‍ എന്ന കുട്ടിയെ രക്ഷിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയ തെറ്റായി പ്രചരിക്കുന്നത്. കളിക്കുന്നതിനിടെ കുട്ടി ഗുണ്ടൂരിലെ വിനുകോണ്ട ഉമ്മഡിവരം ഗ്രാമത്തിലെ പഴയ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്ളാണ് 12 മണിക്കൂറു നേരത്തെ തീവ്ര ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്.

ഈ സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് കഴിഞ്ഞദിവസം തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ സുജിത് വില്‍സണ്‍ എന്ന കുട്ടിയുടേത് എന്ന പേരില്‍ പ്രചരിക്കുന്നത്. എന്നാല്‍ നിജസ്ഥിതി മനസിലാക്കാതെ നിരവധി പേരാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇപ്പോഴും കുട്ടി കിണറില്‍ കിടന്ന് ശ്വാസം മുട്ടി മരണത്തോട് മല്ലടിക്കുകയാണ്. ഇനിയെങ്കിലും ഈ പ്രചരണങ്ങള്‍ അരുതേ എന്ന് അധികൃതര്‍ അപേക്ഷിക്കുന്നുണ്ട്. ഈ മുതലെടുപ്പുകള്‍ അംഗീകരിക്കാനും ആവുന്നതല്ല.

Exit mobile version