ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ രണ്ടുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചു. കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണർ നിർമ്മാണമാണ് പുനരാരംഭിച്ചത്. കാഠിന്യമേറിയ പാറക്കെട്ട് കിണർ നിർമ്മാണത്തിന് തടസമായതോടെ പ്രവർത്തനങ്ങൾ രാവിലെ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ യോഗം ചേരുകയാണ്. താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറകളാണെന്നതാണ് രക്ഷാപ്രവർത്തകരെ പ്രതിസന്ധിയിലാക്കുന്നത്.
കിണർ നിർമ്മാണം നിർത്തിവെയ്ക്കുമ്പോൾ 42 അടി മാത്രമാണ് തുരങ്കമുണ്ടാക്കാനായത്. പാറയില്ലാത്തിടത്ത് തുരങ്കമുണ്ടാക്കാനും ആലോചന നടക്കുന്നുണ്ട്. സ്ഥിഗതികൾ ചർച്ചചെയ്യാൻ ഉദ്യോഗസ്ഥർ യോഗം ചേരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.40നാണു മുറ്റത്തു കളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴൽ കിണറിൽ വീണത്. ആദ്യം 25 അടിയിലായിരുന്ന കുട്ടി രക്ഷാപ്രവർത്തനത്തിനിടെ 100 അടിയിലേക്കു വീണു. കുഴൽ കിണറിന്റെ ആഴം 600 അടിയാണ്.
ശനിയാഴ്ച രാത്രിയാണു സമാന്തര കുഴി നിർമിച്ചു തുരങ്കത്തിലൂടെ കുട്ടിയെ രക്ഷിക്കാൻ തീരുമാനിച്ചത്. കുഴിച്ച് 20 അടിയെത്തിയപ്പോൾ പാറയായി. 35 അടി വരെയെത്തിയപ്പോൾ പാറ കടുത്തതോടെ സമയം വൈകുന്നതു ഒഴിവാക്കാൻ 3 ഇരട്ടി ശക്തിയുള്ള മറ്റൊരു റിഗ് മെഷിൻ എത്തിച്ചു. ഇടയ്ക്കിടെ പെയ്ത മഴയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കുട്ടിയുടെ നിലവിലെ അവസ്ഥയെ കുറിച്ച് രക്ഷാപ്രവർത്തകർ വിവരം പുറത്തുവിട്ടിട്ടില്ല.
Discussion about this post