റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് രാത്രി സൗദി അറേബ്യയിലെത്തും. സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് മോഡിയുടെ സൗദി സന്ദര്‍ശനം. തലസ്ഥാനമായ റിയാദില്‍ ചൊവ്വാഴ്ചമുതല്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ശേഷം സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും കൂടിക്കാഴ്ചയും നടത്തും. ഇന്ത്യയില്‍ നിന്ന് നയതന്ത്രസംഘവും വ്യവസായ പ്രമുഖരും മോഡിയെ അനുഗമിക്കും. ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ (ഏകദേശം ഏഴുലക്ഷം കോടി രൂപ) നിക്ഷേപം നടത്താന്‍ നേരത്തേ സൗദി അറേബ്യ സന്നദ്ധത അറിയിച്ചിരുന്നു. സൗദിപങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ എണ്ണശുദ്ധീകരണശാല നിര്‍മ്മിക്കുന്നുണ്ട്.
ഇതിന്റെ ഔപചാരികാനുമതിക്കും തുടര്‍നടപടികള്‍ക്കും മോഡിയുടെ സന്ദര്‍ശനവേളയില്‍ അന്തിമരൂപമാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വില്‍പ്പനശാലകള്‍ സൗദിയില്‍ തുടങ്ങുന്നുണ്ട്. ഇതുസംബന്ധിച്ച കരാര്‍ സന്ദര്‍ശനവേളയില്‍ ഒപ്പിടും. ഇന്ത്യ പരിചയപ്പെടുത്തുന്ന പുതിയ റുപേ കാര്‍ഡിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.