ന്യൂഡല്‍ഹി: സൗദി സന്ദര്‍ശനത്തിനായി വ്യോമപാത ഉപയോഗിക്കാന്‍ അനുമതി തേടിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വ്യോമപാത നിഷേധിച്ച് പാകിസ്താന്റെ പ്രകോപനം. മോഡിക്ക് വ്യോമപാത നിഷേധിച്ചതായി പാകിസ്താന് വിദേശ കാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഇന്ത്യന്‍ ഹൈക്കമ്മീഷണറെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയുളള പ്രതിഷേധം തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പാകിസ്ഥാന്റെ നടപടി. പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം നാളെ ആരംഭിക്കുന്നതിന് മുന്നോടിയായാണ് വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്താനോട് അനുമതി തേടിയത്.
ഇതിനു മുമ്പും മോഡിക്കും ഇന്ത്യയിലെ മറ്റ് പ്രമുഖ വ്യക്തികള്‍ക്കും പാകിസ്താന് വ്യോമപാത നിഷേധിച്ചിരുന്നു. എന്നാല്‍ ഇത്തവണ വ്യോമപാത നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. വരുംമണിക്കൂറില്‍ ഇന്ത്യ പാകിസ്താന് മറുപടി നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Discussion about this post