മഹാരാഷ്ട്രയിൽ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്; ഫിഫ്റ്റി-ഫിഫ്റ്റി ആവശ്യപ്പെട്ട ശിവസേനയോട് ഫട്‌നാവിസ്

മുംബൈ: ശിവസേന മഹാരാഷ്ട്രയിൽ ആദ്യത്തെ രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം ചോദിച്ചതോടെ ബിജെപിയിൽ അതൃപ്തി പുകയുന്നു. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയ്ക്ക് ആദ്യത്തെ രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം നൽകണമെന്നാണ് ശിവസേനയുടെ നിലപാട്.

അതേസമയം, മഹാരാഷ്ട്രയിൽ നിലവിലെ മുഖ്യമന്ത്രിയും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ശിവസേനയുടെ ഫിഫ്റ്റി-ഫിഫ്റ്റി ആവശ്യത്തോട് പരോക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഫഡ്നാവിസ് നിലപാട് വ്യക്തമാക്കിയത്.

നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ്. ബിജെപി നേതൃത്വം നൽകുന്ന സഖ്യം സംസ്ഥാനത്ത് ഒരു സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു. ദീപാവലിക്ക് ശേഷം സർക്കാർ രൂപീകരിക്കാനുള്ള നടപടികൾ തുടങ്ങും. ബിജെപി, ശിവസേന, ആർപിഐ, ആർഎസ്പി, ശിവ് സംഗ്രം പാർട്ടികൾക്ക് വ്യക്തമായ ഭൂരിപക്ഷം നൽകുന്നതാണ് ജനവിധിയെന്നും ഫഡ്നാവിസ് പറഞ്ഞു. ജനവിധിയെ മാനിക്കും. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.

2014നേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ബിജെപി 2019ൽ നടത്തിയതെന്ന് ഫഡ്നാവിസ് അവകാശപ്പെട്ടു. 2014ൽ ബിജെപി 260 സീറ്റിൽ മത്സരിച്ച് 47 ശതമാനം സീറ്റും 28 ശതമാനം സീറ്റും നേടി. എന്നാൽ 2019ൽ 150 സീറ്റുകളിൽ മത്സരിച്ച് 70 ശതമാനം സീറ്റുകളും 26 ശതമാനം വോട്ടുകളും നേടിയെന്നും ഫഡ്നാവിസ് ചൂണ്ടിക്കാട്ടി.

Exit mobile version