ന്യൂഡൽഹി: അയോധ്യ കേസിലെ വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാതിൽ അയോധ്യ കേസ് വിധിയും ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. 2010ൽ അയോധ്യ കേസിൽ വിധി വന്നപ്പോൾ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും പക്വമായ ഇടപെടലാണു നടത്തിയതെന്നു നരേന്ദ്ര മോഡി പറഞ്ഞു. അയോധ്യ കേസിൽ അലഹബാദ് ഹൈക്കോടതി വിധി പുറത്തുവന്നപ്പോൾ പ്രത്യേക താൽപര്യമുള്ള പല സംഘങ്ങളും ഇതു ചൂഷണം ചെയ്യാൻ ശ്രമിച്ചിരുന്നു. സാഹചര്യം വഷളാക്കാൻ വേണ്ടിയുള്ള ഭാഷയായിരുന്നു അവർ ഈ സമയത്ത് ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചിലർ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ നടത്തി. കുറച്ചുദിവസം ഇതു തുടർന്നു. എന്നാൽ രാഷ്ട്രീയ കക്ഷികൾ ജനങ്ങളെ ഒരുമിപ്പിച്ചു നിർത്തി. അന്ന് എല്ലാവരും കാണിച്ച ഐക്യത്തിനു നന്ദി പറയുകയാണ്. കോടതി വിധിക്കുശേഷം നിയമ വ്യവസ്ഥയെ എല്ലാവരും ബഹുമാനിച്ചതായും മോഡി പറഞ്ഞു. നവംബർ പകുതിയോടെ അയോധ്യ കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ ദീപാവലി ആഘോഷിക്കുകയാണ്. രാജ്യത്ത് ഫെസ്റ്റിവൽ ടൂറിസത്തിന് ഏറെ സാധ്യതകൾ ഉണ്ട്. ഹോളി, ദീപാവലി, ഓണം, പൊങ്കൽ, ബിഹു, ഇവയെല്ലാം കൂടുതൽ ജനകീയമാക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സിയാച്ചിനിൽ കാവൽ നിൽക്കുന്ന സൈനികരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇങ്ങനെയൊരു കാലാവസ്ഥയിലും മാലിന്യ നീക്കത്തിനായി അവർ പ്രവർത്തിക്കുന്നതു പ്രധാനമാണെന്നും മോഡി പറഞ്ഞു. ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ കാവൽ നിൽക്കുന്ന സൈനികരോടൊപ്പമാണു പ്രധാനമന്ത്രിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം.
Discussion about this post