ഛണ്ഡീഗഡ്: ഹരിയാനയില്‍ ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യ മന്ത്രിയാകുമെന്ന് ഉറപ്പായതിനു പിറകെ പിതാവ് അജയ് ചൗട്ടാലക്ക് പരോള്‍. ബിജെപി-ജെജെപി സഖ്യ രൂപീകരണം ഉറപ്പായി മണിക്കൂറുകള്‍ക്കകം തന്നെ അജയ് ചൗട്ടാലക്ക് പരോള്‍ ലഭിക്കുകയായിരുന്നു.
അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന അജയ് ചൗട്ടാലക്ക് ശനിയാഴ്ചയാണ് പരോള്‍ കിട്ടിയത്. പരോളിലിറങ്ങിയതിനു പുറകെ അജയ് ചൗട്ടാല മാധ്യമങ്ങള്‍ക്ക് മുന്നില്‍ മകനെ പ്രശംസിച്ചു. 11 മാസത്തിനുള്ളില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ മകന് സാധിച്ചുവെന്ന് അജയ് ചൗട്ടാല പറയുന്നു.
വിവാദമായ അധ്യാപക റിക്രൂട്ട്മെന്റെ് കേസില്‍ 2013 മുതല്‍ ജയിലിലാണ് അജയ് ചൗട്ടാല. അദ്ദേഹത്തിന്റെ പിതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാലയും മറ്റ് 53 പേരും ഇതേ കേസില്‍ ജയിലിലാണ് .
വെള്ളിയാഴ്ച ദുഷ്യന്ത് പിതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷമാണ് ബിജെപിക്ക് പിന്തുണ നല്കാന് തീരുമാനിച്ചത്. ഇന്ന് ദുഷ്യന്ത് ബിജെപി സഖ്യ സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.