ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതൽ ജനപ്രീതി തേടാനുള്ള ശ്രമങ്ങളുമായി ഡൽഹിയിലെ അരവിന്ദ് കെജരിവാൾ സർക്കാർ. മദ്യ വിലക്കുറവിന്റെ കാര്യത്തിൽ നിലവിൽ മുൻനിരയിലുള്ള ഡൽഹിയിൽ 25 ശതമാനത്തോളം പ്രമുഖ ബ്രാൻഡുകളുടെ മദ്യത്തിന് വിലകുറയ്ക്കാനാണ് സർക്കാർ നീക്കം. മദ്യത്തിന് വൻ വിലക്കുറവുണ്ടാക്കുന്ന തരത്തിൽ എക്സൈസ് പോളിസി പൊളിച്ചെഴുതാൻ അരവിന്ദ് കെജരിവാൾ സർക്കാർ തീരുമാനിച്ചുകഴിഞ്ഞെന്നാണ് റിപ്പോർട്ട്. വിദേശ ബ്രാൻഡുകളിലാകും വലിയ വില വ്യത്യാസം പ്രകടമാകുക. എക്സൈസ് തീരുവ, ഇറക്കുമതി ചുങ്കം, അടിസ്ഥാന വില, മറ്റ് നികുതികളടക്കമുള്ളവയിൽ മാറ്റം വരുന്ന പരിഷ്കാരങ്ങളാണ് ലക്ഷ്യം വെയ്ക്കുന്നത്. തീരുമാനം നടപ്പായാൽ രാജ്യത്തെ തന്നെ ഏറ്റവും വിലക്കുറവിൽ മദ്യം ലഭിക്കുന്ന ഇടമായി ഡൽഹി മാറും.
മദ്യപിക്കുന്നവരുടെ പ്രിയപ്പെട്ട ബ്രാൻഡുകളായ ഷിവാസ് റീഗൽ, ജോണി വാക്കർ ബ്ലാക്ക് ലേബൽ തുടങ്ങിയവയ്ക്കൊക്കെ വൻ വിലക്കുറവുണ്ടാകും. ഇരുപത്തിയഞ്ച് ശതമാനത്തോളം വിലക്കുറവാണ് ലക്ഷ്യമിടുന്നത്. അയൽസംസ്ഥാനങ്ങളിലെ മദ്യ വിൽപ്പനയുമായി വലിയ വ്യത്യാസമുണ്ടായാൽ അത് തലസ്ഥാനത്തെ വിൽപ്പനയ്ക്ക് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് നീക്കം.
നികുതി പരിഷ്കാരം സാധ്യമായാൽ അബ്സല്യൂട്ട് വോഡ്ക ഫുൾ 1400 രൂപയ്ക്ക് കിട്ടുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നിലവിൽ 1800 രൂപയാണ് വില. ഷിവാസ് റീഗലിന്റെ വില 3850 ൽ നിന്ന് 2800 യിലേക്ക് വരെ എത്താമെന്നും ഇവർ ചൂണ്ടികാട്ടുന്നു.
മദ്യഷോപ്പുകൾ ‘സ്റ്റോക്ക് മുക്കുന്നത’് ഒഴിവാക്കാൻ അതിനിടെ ഏതൊക്കെ മദ്യം സ്റ്റോക്കുണ്ടെന്ന് വ്യക്തമാക്കുന്ന വിലവിവര പട്ടിക എൽഇഡി സ്ക്രിനിൽ പ്രദർശിപ്പിക്കണമെന്ന നിർദേശം ഡൽഹിയിലെ മദ്യ ഷോപ്പുകൾക്ക് സർക്കാർ നൽകികഴിഞ്ഞു. ഫുളിന് 360 മുതൽ 440 രൂപ വരെയുള്ള ബ്രാൻഡുകൾ പലപ്പോഴും ലഭിക്കാറില്ലെന്ന പരാതി ഉയർന്നതിന് പിന്നാലെയാണിത്.
Discussion about this post