ന്യൂഡൽഹി: ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ ജെജെപി (ജനനായക് ജനതാ പാർട്ടി) പിന്തുണ പ്രഖ്യാപിച്ചതോടെ പാർട്ടി സ്ഥാപകൻ ദുഷ്യന്ത് ചൗട്ടാലയുടെ പിതാവിന് തിഹാർ ജയിലിൽ നിന്നും പരോൾ. ജെജെപി നേതാവ് കൂടിയായ അജയ് ചൗട്ടാലയ്ക്ക് രണ്ടാഴ്ച പരോൾ അനുവദിച്ചതായാണ് റിപ്പോർട്ട്. ഹരിയാണയിൽ ദുഷ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപി ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിറ്റേദിവസമാണ് അദ്ദേഹത്തിന്റെ പിതാവ് അജയ് ചൗട്ടാലയ്ക്ക് പരോൾ അനുവദിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്കും കുടുംബാംഗങ്ങളെ സന്ദർശിക്കാനുമാണ് അദ്ദേഹത്തിന് പരോൾ അനുവദിച്ചതെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റിൽ മാതാവിന്റെ മരണത്തെത്തുടർന്നും അജയ് ചൗട്ടാലയ്ക്ക് പരോൾ ലഭിച്ചിരുന്നു. ഹരിയാണയിലെ ഏറെ വിവാദമായ അധ്യാപക റിക്രൂട്ട്മെന്റ് അഴിമതിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാലാണ് അജയ് ചൗട്ടാലയ്ക്ക് തടവ് ശിക്ഷ വിധിച്ചത്. ഐഎൻഎൽഡി പ്രസിഡന്റായിരുന്ന അജയ് ചൗട്ടാലയുടെ പിതാവ് ഓം പ്രകാശ് ചൗട്ടാലയും കേസിൽ ഉൾപ്പെട്ടിരുന്നു.
അജയ് ചൗട്ടാലയുടെ മകനായ ദുഷ്യന്ത് ചൗട്ടാല 2018-ലാണ് ഐഎൻഎൽഡി വിട്ട് ജെജെപി രൂപീകരിച്ചത്. ഹരിയാണയിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ജെജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ലഭിക്കും.
Discussion about this post