ന്യൂഡൽഹി: ഹരിയാനയിൽ ഭരണം പിടിക്കാനായി സ്വതന്ത്രരെ കൂട്ടുപിടിച്ച ബിജെപി എയർഹോസ്റ്റസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിടുന്ന ലോഖിത് പാർട്ടി നേതാവ് ഗോപാൽ കണ്ഡയുടെ പിന്തുണയും തേടിയിരുന്നു. എന്നാൽ ഏറെ പഴി കേട്ടതോടെ കണ്ഡയുടെ പിന്തുണ തേടാനുള്ള നീക്കത്തിൽ ബിജെപി പിൻവാങ്ങി. സർക്കാരുണ്ടാക്കാൻ ഗോപാൽ കണ്ഡയുടെ പിന്തുണ പാർട്ടി തേടിയിട്ടില്ലെന്നും ജെജെപിയുടേയും ആറ് സ്വതന്ത്രരുടേയും പിന്തുണയോടെയാണ് ബിജെപി സർക്കാർ രൂപീകരിക്കുകയെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
ഹരിയാനയിൽ സർക്കാരുണ്ടാക്കാൻ ജെജെപിയുടേയും സ്വതന്ത്രരുടേയും പിന്തുണ തേടുന്നതിനിടെയാണ് ബിജെപി ഗോപാൽ കണ്ഡയുടെ പിന്തുണയും തേടിയത്. പിന്നാലെ ഇദ്ദേഹം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും ബിജെപിക്കുള്ള തുറന്ന പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ എയർഹോസ്റ്റസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലും മറ്റ് നിരവധി കേസുകളിലും വിചാരണ നേരിടുന്ന ഗോപാൽ കണ്ഡയുടെ പിന്തുണ തേടുന്നത് വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഉമാ ഭാരതി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ തന്നെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റം.
Discussion about this post