ആഗ്ര: കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ 19 കാരി അറസ്റ്റില്‍. ആഗ്ര കവര്‍സി പോലീസ് അധികാരപരിധിയിലുള്ള അലിഗഡിലെ ജീവന്‍ഗഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഇരയുടെ പരാതിയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് 24കാരനായ യുവാവിന്റെ കുടുംബം പറയുന്നതിങ്ങനെ- മകനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നെന്നും കഴിഞ്ഞ ഒരു മാസം മുന്‍പ് ഇരുവരും തമ്മില്‍ പിണങ്ങിയെന്നും യുവാവിന്റെ അമ്മ പറഞ്ഞു. ബന്ധത്തിന് മകന് ഒട്ടും താല്പര്യമില്ലായിരുന്നു. എന്നാല്‍ പെണ്‍കുട്ടി മകനെ നിരന്തരം ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തുമായിരുന്നു.
സംഭവദിവസം പെണ്‍കുട്ടി മകനെ ഫോണ്‍ ചെയ്തെങ്കിലും അവന് ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് മകന് വീടിന് അടുത്തുള്ള കടയിലേക്ക് പോയിരുന്നു. അതേസമയം അവിടെയെത്തിയ പെണ്‍കുട്ടി മകന്റെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. എന്നാല്‍ ഇരയുടെ കുടുംബത്തിന്റെ പരാതി പെണ്‍കുട്ടി നിരസിച്ചു. യുവാവിനെ വിവാഹം കഴിച്ചില്ലെങ്കില്‍ തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ട് തനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
ആസിഡ് ആക്രമണത്തില്‍ യുവാവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായി ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിലെ ഡോ എസ്എസ് സൈദി പറഞ്ഞു. യുവാവ് ചികിത്സയില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ 326 എ വകുപ്പ് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post