മുംബൈ: ഇറിഡിയം ബിസിനസില്‍ പണം നിക്ഷേപിക്കാനെന്ന പേരില്‍ ബോളിവുഡ് സിനിമാ നിര്‍മ്മാതാവില്‍ നിന്ന് തട്ടിയത് കോടികള്‍. ബോളിവുഡ് സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ വിപുല്‍ ഷായെയും ബിസിനസ് പാര്‍ട്ണറുടെയും കൈയ്യില്‍ നിന്നാണ് പണം തട്ടിയത്. ഏകദേശം അഞ്ച് കോടി രൂപയാണ് തട്ടിയത്. സംഭവത്തില്‍ മൂന്ന് നാഗ്പൂര്‍ സ്വദേശികള്‍ക്കെതിരെ കേസെടുത്തു. ഇറിഡിയം ബിസിനസിന് പണം നിക്ഷേപിക്കാനെന്ന പേരില്‍ അഞ്ച് കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇറിഡിയം എന്ന ‘അത്ഭുത ലോഹ’ത്തിന്റെ പേരില്‍ നിരവധി തട്ടിപ്പ് കേസുകളാണ് നടക്കുന്നത്. ഇതിനോടകം അനവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിംഗ് ഈസ് കിംഗ്, കമാന്‍ഡോ, ഫോഴ്സ് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് വിപുല്‍ ഷാ.
വിപുല്‍ ഷായെയും സുഹൃത്തിനെയും അവരുടെ പ്രൊഡക്ഷന്‍ ഹൗസിലെത്തിയാണ് 2010 ല്‍ പ്രതി കണ്ടത്. സിനിമാ നിര്‍മ്മാണത്തില്‍ 100 കോടി രൂപ നിക്ഷേപിക്കാമെന്നും അയാള്‍ പറഞ്ഞതായി വിപുല്‍ ഷാ പരാതിയില്‍ പറയുന്നു. പുരാതന വസ്തുക്കളും ബ്രിട്ടീഷ് കാലത്തെ ലോഹങ്ങളും ശേഖരിക്കുന്ന ബിസിനസ് ആണ് ചെയ്തിരുന്നതെന്നും അതില്‍ ഇറിഡിയം എന്ന അപൂര്‍വ്വ ലോഹം അടങ്ങിയിട്ടുണ്ടെന്നും ഇയാള്‍ ഇവരോട് പറഞ്ഞു.
അതിമാനുഷിക ശക്തിയുള്ള ഇറിഡിയത്തിന് വലിയ ഡിമാന്റ് ആണെന്നും പ്രതിരോധസേന പോലും ഇത് ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. വിപുല്‍ ഷായ്ക്കും സുഹൃത്തിനും തങ്ങളുടെ ബിസിനസില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കാമെന്നും വാഗ്ദാനം ചെയ്യുകയും ചെയ്തു. താനും സുഹൃത്തും ഇവര്‍ക്കൊപ്പം രാജ്യം മുഴുവന്‍ സഞ്ചരിച്ചുവെന്നും പണം പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തെന്നും ഷാ പരാതിയില്‍ പറയുന്നു.
Discussion about this post