കൊല്‍ക്കത്ത: ബംഗാളില്‍ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കാന്‍ സിപിഎം കോണ്‍ഗ്രസ് തീരുമാനം. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ സിപിഎമ്മും മത്സരിക്കും. നവംബര്‍ 25നാണ് വോട്ടെടുപ്പ്.
കാളിയാഗന്‍ജ്, ഖരഗ്പുര്‍, കരിംപുര്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. കാളിയാഗന്‍ജിലും ഖരഗ്പുരിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക. കരിംപുരില്‍ ഇടതു സ്ഥാനാര്‍ത്ഥി മത്സരിക്കും.
രണ്ട് മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിമാര്‍ ആയതിനെ തുടര്‍ന്നും, ഒരു മണ്ഡലത്തിലെ എംഎല്‍എ മരണപ്പെട്ടതിനെ തുടര്‍ന്നുമാണ് മണ്ഡലത്തില്‍ ഒഴിവ് വന്നത്.
കോണ്‍ഗ്രസ് എംഎല്‍എ പ്രമാത്‌നാഥ് റോയിയുടെ മരണത്തെത്തുടര്‍ന്നാണ് കാളിയാഗന്‍ജില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത്. ബിജെപിയുടെ ദിലീപ് ഘോഷ് എംപിയായതിനെത്തുടര്‍ന്നാണ് ഖരഗ്പുരില്‍ ഒഴിവ് വന്നത്. ത്രിണമൂലിന്റെ മഹുവ മൈത്ര എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് കരിംപുരില്‍ ഒഴിവ് വന്നത്.
അതെസമയം ഇതു സഖ്യമല്ലെന്നും തെരഞ്ഞെടുപ്പു ധാരണ മാത്രമാണെന്നും സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചു.