ഭുവനേശ്വർ: റിസർവ്വ് ബാങ്ക് ജനറൽ മാനേജർ ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ഗുവാഹത്തി ബ്രാഞ്ചിലെ ജനറൽ മാനേജർ ആശിഷ് രഞ്ജൻ സമൽ ആണ് ആത്മഹത്യ ചെയ്തത്. ഒഡീഷയിലെ ജജ്പുർ ജില്ലയിലെ ഹോട്ടലിൽ വെച്ചാണ് ആത്മഹത്യ ചെയ്ത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
ചണ്ടിഖോല പോലീസാണ് വിവരം പുറംലോകത്തെ അറിയിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ നരഹരിപുർ സ്വദേശിയാണ് ആശിഷ് രഞ്ജൻ. വ്യാഴാഴ്ച അമ്മയെ കാണാൻ നാട്ടിലെത്തിയതായിരുന്നു ആശിഷ്. അതിനുശേഷം ഭുവനേശ്വറിലെത്തി കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഡോക്ടറായ ഭാര്യയെയും കണ്ടു. 12ാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുമുണ്ട് ആശിഷിന്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അസിസ് ഹോട്ടലിൽ റൂമെടുത്തത്. വെള്ളിയാഴ്ച രാവിലെ വിളിച്ചിട്ടും ഇയാൾ പ്രതികരിക്കാത്തതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ആശിഷ് മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post