ചെന്നൈ: കുഴല്‍ക്കിണറില്‍വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകനായ സുജിത്താണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഉപയോഗശൂന്യമായിരുന്നിട്ടും കെട്ടിയടയ്ക്കാതെ ഉപേക്ഷിച്ച നിലയിലിട്ടിരുന്ന കിണറിലേക്ക് കുട്ടി വീഴുകയായിരുന്നു.
ശക്തമായ മഴയില്‍ കുതിര്‍ന്ന കിണര്‍ക്കരയിലെ മണ്ണിടിഞ്ഞതോടെയാണ് കുട്ടി കിണറിനുള്ളിലേക്കുവീണത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഴല്‍ക്കിണറിനുള്ളില്‍നിന്ന് കരച്ചില്‍ശബ്ദം കേട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 25 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയാണ് കുട്ടി ഇപ്പോള്‍.
വിവരമറിഞ്ഞ് മണപ്പാറയില്‍നിന്ന് ആദ്യഘട്ടത്തില്‍ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സ്ഥിതി സങ്കീര്‍ണമാണെന്ന് കണ്ടതോടെ കൂടുതല്‍ രക്ഷാസേനകള്‍ സ്ഥലത്തെത്തി. കുട്ടി കൈ ചലിപ്പിച്ചിരുന്നതിനാല്‍ ജീവന് നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസ്സിലായതോടെ മെഡിക്കല്‍ സംഘം കിണറിനുള്ളിലേക്ക് ഓക്സിജന്‍ എത്തിച്ചു.
ഇവിടെ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി കുട്ടിയുടെ നില തത്സമയം നിരീക്ഷിച്ചാണ് മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിച്ചത്. മധുരയില്‍നിന്ന് അഗ്നിരക്ഷാസേനയുടെ വിദഗ്ധസംഘവും സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Discussion about this post