ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപിയ്ക്കെതിരേ വോട്ട് ചോദിച്ച് വിജയിച്ചിട്ട് ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാക്ക് കാറ്റില്‍ പറത്തുകയാണെന്ന് ജെജെപിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ മുഖ്യ വക്താവ് റണ്‍ദീപ് സുര്‍ജേവാല രംഗത്ത്. ജെജെപി- ലോക്ദളും ബിജെപിയുടെ യന്ത്രപ്പാവകളായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയില്‍ കേവലഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി പല വഴികളും തേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും കേവലഭൂരിപക്ഷം നേടാന്‍ സാധിക്കാതിരുന്നതോടെയാണ് ജെജെപി ശക്തമായ സാന്നിധ്യമായത്. തുടര്‍ന്ന് ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതോടെ സഖ്യത്തിലേര്‍പ്പെടാന്‍ ജെജെപി തയാറായി.
ഇതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് റണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തിയത്. ജനങ്ങളോട് ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ജെജെപി പത്ത് സീറ്റ് നേടിയത്. വോട്ട് ചോദിക്കുന്നതിന് മുമ്പ് ബിജെപിയുമായി സഖ്യത്തിന് തയ്യാറാവില്ലെന്ന് അവര്‍ ജനങ്ങള്‍ക്ക് വാക്കുകൊടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അധികാരത്തിനുവേണ്ടി ജനങ്ങള്‍ക്ക് നല്കിയ വാക്കിനെ ജെജെപി കാറ്റില്‍ പറത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ജെജെപി- ലോക്ദള്‍ എന്നും എപ്പോഴും ബിജെപിയുടെ ബി ടീമാണെന്ന കാര്യം വ്യക്തമായെന്നും ബിജെപിക്ക് അധികാരം നേടാനായി ചിലപ്പോള്‍ രാജ്കുമാര് സെയ്നിയും മറ്റ് ചിലപ്പോള്‍ ജെജെപി- ലോക്ദളും യന്ത്രപ്പാവകളായി മാറുകയാണെന്നും, റണ്‍ദീപ് സുര്‍ജേവാല ട്വീറ്റില്‍ കുറിച്ചു.
Discussion about this post