സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗോപാല്‍ കണ്ടയുടെ പിന്തുണ തേടിയ സംഭവം; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

സെ നോ ടു കണ്ട എന്ന ഹാഷ്ടാഗോടെയാണ് പ്രിയങ്കയുടെ പോസ്റ്റ്

ന്യൂഡല്‍ഹി: ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വതന്ത്ര എംഎല്‍എ ഗോപാല്‍ കണ്ടയുടെ പിന്തുണ തേടിയ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. അത്മാഭിമാനമുള്ള എല്ലാ സ്ത്രീകളും ബിജെപിയെ ബഹിഷ്‌കരിക്കണം എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. സെ നോ ടു കണ്ട എന്ന ഹാഷ്ടാഗോടെയാണ് പ്രിയങ്കയുടെ പോസ്റ്റ്.

കേവലഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപി ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയിച്ച സ്വതന്ത്രസ്ഥാനാര്‍ത്ഥികളുടെ പിന്തുണതേടിയത് വലിയ വാര്‍ത്തകള്‍ക്ക് വഴിവെച്ചിരുന്നു. അതിനിടെയാണ് ബിജെപി സ്വതന്ത്ര എംഎല്‍എ ഗോപാല്‍ കണ്ടയുടെ പിന്തുണ തേടിയെന്ന വാര്‍ത്തയും പുറത്തുവന്നത്. ലൈംഗിക പീഡനത്തെ തുടര്‍ന്ന് എയര്‍ഹോസ്റ്റസ് ഗീതക ശര്‍മ്മ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായ ഗോപാല്‍ കണ്ടയുടെ പിന്തുണ തേടിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

ഇതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പ്രിയങ്കയും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ‘ആദ്യം കുല്‍ദിപ് സെന്‍ഗര്‍, പിന്നെ ചിന്മയാനന്ദ് ഇപ്പോള്‍ ഗോപാല്‍ കണ്ട… ആത്മാഭിമാനമുള്ള എല്ലാ ഇന്ത്യന്‍ സ്ത്രീകളും ബിജെപിയേയും അവരുടെ നേതാക്കളേയും ബഹിഷ്‌കരിക്കണം. സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ച് പറയാന്‍ അവര്‍ പേടിക്കണം’ പ്രിയങ്ക കുറിച്ചു.

Exit mobile version