ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി – ജെജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും. മനോഹര്‍ലാല്‍ ഘട്ടര്‍ വീണ്ടും മുഖ്യമന്ത്രിയാകും. ജനനയ്ക് ജനത പാര്‍ട്ടി അധ്യക്ഷന്‍ ദുഷ്യന്ത് ചൗതാലക്ക് ഉപമുഖ്യമന്ത്രി പദം നല്‍കാനും ധാരണയായി.
ബിജെപി – ജെജെപി നേതാക്കള്‍ തമ്മിലെ ചര്‍ച്ചക്ക് ശേഷം അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ജനവിധി മാനിച്ച് ഇരു പാര്‍ട്ടികളും സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചെന്ന് അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നാളെ ഗവര്‍ണറെ കാണുമെന്ന് മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു.
90 അംഗ സഭയില്‍ 40 സീറ്റുകളില്‍ ബിജെപിയും 31 ഇടത്ത് കോണ്‍ഗ്രസും വിജയിച്ചു.
ഹരിയാനയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എന്നനിലയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് മനോഹര്‍ലാല്‍ ഘട്ടര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. നിലവില്‍ 40 സീറ്റുകളുള്ള ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ ആറ് എംഎല്‍മാരുടെ പിന്തുണ മതി. സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിക്കും കോണ്‍ഗ്രസിനും മുന്നില്‍ ജെ.ജെ.പി വാതില്‍ തുറന്നിട്ടതോടെയാണ് ഹരിയാന സര്‍ക്കാര്‍ രൂപീകരണം സങ്കീര്‍ണമായത്.
പൊതുമിനിമം പരിപാടി അംഗീകരിക്കുന്ന ആരുമായും സഹകരിക്കുമെന്നാണ് ജെജെപി വ്യക്തമാക്കിയത്. ചര്‍ച്ചക്ക് തയ്യാറാണെന്ന സൂചന കോണ്‍ഗ്രസും നല്കി. പക്ഷേ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ സഖ്യം സംബന്ധിച്ച് ധാരണയായി. ഉപമുഖ്യമന്ത്രി പദത്തിനൊപ്പം കേന്ദ്രസഹമന്ത്രി പദവിയും ബിജെപി ജെജെപിക്ക് വാഗ്ദാനം ചെയ്തെന്നാണ് സൂചന.
Discussion about this post