മൈസൂരു: പ്രായമായ അമ്മയെയും കൊണ്ട് രണ്ട് വര്‍ഷമായി സ്കൂട്ടറില്‍ തീര്‍ഥയാത്ര നടത്തുന്ന മൈസൂര്‍ സ്വദേശി ദക്ഷിണാ മൂര്‍ത്തി കൃഷ്ണകുമാറിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. കൂടാതെ ദക്ഷിണാ മൂര്‍ത്തിയ്ക്കും അമ്മയ്ക്കും ഇനിയുള്ള യാത്രകള്‍ക്കായി മഹീന്ദ്ര കെയുവി 100 എന്‍എക്സ്ടി വിഭാഗത്തില്‍പ്പെട്ട കാര്‍ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചു.
കഴിഞ്ഞ 21 മാസമായി ദക്ഷിണാമൂര്‍ത്തി എഴുപത്തിയൊന്നുകാരിയായ അമ്മ ചുദരതനയെയും കൂട്ടി ക്ഷേത്ര ദര്‍ശനത്തിലാണ്. അച്ഛനുപയോഗിച്ച 19 വര്‍ഷം പഴക്കമുള്ള സ്കൂട്ടറിലാണ് ദക്ഷിണാ മൂര്‍ത്തി കൃഷ്ണകുമാറും അമ്മ ചുദരതനയും യാത്ര ചെയ്യുന്നത്. ഇന്ത്യക്ക് പുറമേ നേപ്പാളിലും ഭൂട്ടാനിലുമുള്ള ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനായി 2018 ജനുവരിയിലാണ് ഇവര്‍ യാത്ര തുടങ്ങിയത്. ഇവര്‍ ഇപ്പോള്‍ അരുണാചല്‍ പ്രദേശിലാണ്.
അമ്മയോടുള്ള സ്നേഹത്തിന്റെ കഥ, അതുപോലെ രാജ്യത്തോടുള്ള സ്നേഹത്തിന്റെ കഥയുമെന്നാണ് ആനന്ദ് മഹീന്ദ്ര ഇവരുടെ യാത്രയെ വിശേഷിപ്പിച്ചത്. അമ്മയേയും കൊണ്ടുള്ള യാത്രക്ക് ദക്ഷിണാ മൂര്‍ത്തിക്ക് കാര്‍ പ്രയോജനപ്പെടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മാതൃസേവാ സങ്കല്പ യാത്ര’ എന്നാണ് തന്റെ യാത്രയെ ദക്ഷിണാ മൂര്‍ത്തി വിശേഷിപ്പിക്കുന്നത്. 2017 ല്‍ കാറില്‍ അമ്മയുമൊന്നിച്ച് ആദ്യമായി നടത്തിയ ക്ഷേത്ര ദര്‍ശനത്തില്‍ കൂടെ അച്ഛനുമുണ്ടായിരുന്നെങ്കില്‍ നന്നാവുമായിരുന്നുവെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. അച്ഛന്റെ ചിത്രവും കൊണ്ടായിരുന്നു ആ യാത്ര. രണ്ടു വര്‍ഷം മുമ്പാണ് അദ്ദേഹം ഈ ലോകത്തോട് വിട വാങ്ങിയത്. അമ്മയുടെ ആഗ്രഹം പോലെ അച്ഛന്റെ സാന്നിധ്യമുണ്ടാകാനാണ് അച്ഛനുപയോഗിച്ച സ്കൂട്ടറില്‍ രണ്ടു വര്‍ഷത്തോളം നീണ്ട ക്ഷേത്ര ദര്‍ശനം നടത്താന്‍ ദക്ഷിണാ മൂര്‍ത്തി തീരുമാനിച്ചത്.
ജീവിതത്തിന്റെ നല്ലൊരു പങ്കും അടുക്കളയില്‍ കഴിച്ചുകൂട്ടിയതാണ് അമ്മ. മൈസൂരുവിന് പുറത്ത് ഒരു ലോകവും അവര്‍ കണ്ടിട്ടില്ലായിരുന്നു. ബംഗളുരുവിലെ കമ്പനികളില്‍ ജോലി ചെയ്ത് സമ്പാദിച്ച പണമുപയോഗിച്ച് യാത്ര തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ദക്ഷിണാ മൂര്‍ത്തി പറയുന്നു. രാവിലെയും വൈകിട്ടും മാത്രമാണ് യാത്ര.
A beautiful story. About the love for a mother but also about the love for a country… Thank you for sharing this Manoj. If you can connect him to me, I’d like to personally gift him a Mahindra KUV 100 NXT so he can drive his mother in a car on their next journey https://t.co/Pyud2iMUGY
— anand mahindra (@anandmahindra) 23 October 2019