ന്യൂഡൽഹി: സ്വതന്ത്രരായ വിജയികളെ വലയിലാക്കി ഹരിയാനയിൽ ബിജെപി അധികാരം പിടിച്ചേക്കുമെന്ന് സൂചന. ഹരിയാന ലോക്ഹിത് പാർട്ടി നേതാവും മുൻ മന്ത്രിയുമായ ഗോപാൽ ഖണ്ഡയുടെ നേൃത്വത്തിൽ സ്വതന്ത്രർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ വീണ്ടും അധികാര കസേരയിലേക്ക് ബിജെപി നയിക്കപ്പെടുമെന്ന് ഉറപ്പായി. ഡൽഹിയിൽ ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നദ്ദയുമായി ചർച്ച നടത്തിയ മനോഹർലാൽ ഖട്ടാർ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മൂന്നു സ്വതന്ത്ര എംഎൽഎമാരോടൊപ്പമാണ് ഖട്ടാർ വെള്ളിയാഴ്ച നദ്ദയെ വസതിയിൽ എത്തി കണ്ടത്. ബിജെപി നേതാവ് അനിൽ ജെയിനും ഒപ്പമുണ്ടായിരുന്നു.
സർക്കാർ രൂപീകരണ ചർച്ചകൾക്കായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിങ് എന്നിവരും നാളെ ഹരിയാനയിലെ ചണ്ഡീഗഢിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് ബിജെപി വിമതർ ഉൾപ്പെടെ ഏഴ് സ്വതന്ത്രരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. കൂടാതെ, ഐഎൻഎൽഡി എംഎൽഎ അഭയ് സിങ് ചൗട്ടാലയുടെയും ഗോപാൽ ഖണ്ഡയുടെയും പിന്തുണയുമുണ്ട്.
ഇവർ രേഖാമൂലം പിന്തുണ അറിയിച്ചതായും അനിൽ ജെയിൻ പറഞ്ഞു. 90 സീറ്റുകൾ ഉള്ള ഹരിയാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 40 സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന് 31 ഉം. കേവലഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റുകൾ ഇരു പാർട്ടികൾക്കും ഒറ്റയ്ക്ക് ലഭിക്കാത്തതിനാൽ തൂക്കുസഭയായിരുന്നു ഹരിയാനയിൽ. നിലവിൽ സ്വതന്ത്രരുടെയും മറ്റു രണ്ടു പേരുടെയും പിന്തുണയോടെ ബിജെപി അംഗബലം 49 ആകും. 10 എംഎൽഎമാരുടെ ജനനായക് ജനതാ പാർട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിൽ പാർട്ടി എംഎൽഎമാരുടെ യോഗം ഡൽഹിയിൽ നടക്കുന്നുണ്ട്. ബിജെപിക്കൊപ്പം നിൽക്കണോ കോൺഗ്രസിനൊപ്പം നിൽക്കണോ എന്നു തീരുമാനിക്കാനാണ് യോഗം. തന്നെ മുഖ്യമന്ത്രിയാക്കുന്നവർക്കു പിന്തുണ എന്നാണ് ദുഷ്യന്തിന്റെ പ്രഖ്യാപിത നിലപാട്. അതിനു പറ്റില്ലെന്ന് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ അറിയിച്ചിരുന്നു.
Discussion about this post